AmericaIndiaLatest NewsNewsObituary

അമേരിക്കയിൽ വാഹനാപകടം: പഠനത്തിനായി പോയ രണ്ട് ഇന്ത്യൻ യുവതികൾക്ക് ദാരുണാന്ത്യം.

വാഷിങ്ടൻ : അമേരിക്കയിലെ കലിഫോർണിയയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് ഇന്ത്യൻ യുവതികൾക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ മഹബൂബാബാദ് ജില്ലയിലെ ഗാർല മണ്ഡലത്തിൽ താമസിക്കുന്ന പുല്ലഖണ്ഡം മേഘ്ന റാണി (25), മുൽക്കന്നൂർ ഗ്രാമത്തിലെ കഡിയാല ഭാവന (24) എന്നിവരാണ് മരിച്ചത്.

ബിരുദാനന്തര ബിരുദ പഠനത്തിനായി മൂന്ന് വർഷം മുമ്പാണ് ഇരുവരും അമേരിക്കയിലെത്തിയത്. പഠനം പൂർത്തിയാക്കിയ ശേഷം ജോലി അന്വേഷിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യുകയായിരുന്ന ഇവർ സഞ്ചരിച്ച വാഹനം അലബാമ ഹിൽസിനടുത്തെത്തുമ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ നിന്ന് തെന്നിമാറി ആഴത്തിലുള്ള മലയിടുക്കിലേക്ക് വീണതായാണ് പ്രാഥമിക റിപ്പോർട്ടുകൾ.

അപകടവിവരം അറിഞ്ഞ ഉടൻ തന്നെ ഇരുവരുടെയും കുടുംബങ്ങൾ തെലങ്കാന സർക്കാരിനോടും വിദേശകാര്യ മന്ത്രാലയത്തോടും സഹായം അഭ്യർഥിച്ചു. ആവശ്യമായ നിയമനടപടികൾ വേഗത്തിലാക്കുന്നതിനും മൃതദേഹങ്ങൾ എത്രയും വേഗം ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നതിനുമായി സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റുമായി ഏകോപിപ്പിക്കാൻ സർക്കാരിന്റെ ഇടപെടൽ കുടുംബങ്ങൾ തേടിയിട്ടുണ്ട്.

അതേസമയം, കലിഫോർണിയയിലെ പ്രാദേശിക അധികൃതർ അപകടത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. വിദേശരാജ്യത്ത് ഉയർന്ന സ്വപ്നങ്ങളോടെ എത്തിയ രണ്ട് യുവജീവിതങ്ങളുടെ അകാലവിയോഗം കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഒരുപോലെ വേദനയിൽ ആഴ്ത്തിയിരിക്കുകയാണ്.

Show More

Related Articles

Back to top button