ഉയര്‍ന്ന തീരുവകള്‍ക്കിടയിലും അമേരിക്കന്‍ വിപണിയില്‍ ഇന്ത്യയുടെ കയറ്റുമതി മേഖല കരുത്ത് തെളിയിക്കുന്നു. ദീര്‍ഘകാല സാമ്പത്തിക സുരക്ഷിതത്വം മുന്‍നിര്‍ത്തി മറ്റ് ആഗോള വിപണികളിലേക്ക് വ്യാപാര ബന്ധങ്ങള്‍ വ്യാപിപ്പിക്കാനുള്ള ശ്രമം നിര്‍ണായകമാണ്. പുതിയ കരാറുകളിലൂടെയും വിപണി വൈവിധ്യവത്കരണത്തിലൂടെയും കയറ്റുമതി രംഗത്തെ ഏകാഗ്രത കുറയ്ക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്.
മുംബൈ: യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉത്പന്നങ്ങൾക്കേർപ്പെടുത്തിയ ഉയർന്ന തീരുവകൾക്കിടയിലും ഇന്ത്യയുടെ പ്രധാന കയറ്റുമതി വിപണിയായി അമേരിക്ക തുടരുന്നു. വ്യാപാര മന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച് ജൂലായ് വരെയുള്ള 12 മാസക്കാലത്ത് ഇന്ത്യൻ കയറ്റുമതിയുടെ 20 ശതമാനവും അമേരിക്കയിലേക്കാണെന്ന് വ്യക്തമാക്കുന്നു. ഇക്കാലത്താണ് ട്രംപ് ഇന്ത്യയിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് പിഴത്തീരുവയടക്കം 50 ശതമാനം ഇറക്കുമതിത്തീരുവ ചുമത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിലിത് 18 ശതമാനമായി കുറച്ചു. യു.എസ്. തീരുവകളിൽ യു.എസ്. സുപ്രീംകോടതിയുടെ ഇടപെടലുകളുടെ പശ്ചാത്തലത്തിൽ ഇപ്പോഴിത് പത്തു ശതമാനമാണ്.
| വിപണി / രാജ്യം | കയറ്റുമതിവിഹിതം |
|---|---|
| അമേരിക്ക | 20% |
| യൂറോപ്യൻ യൂണിയൻ | 16% |
| ജി.സി.സി. രാജ്യങ്ങൾ | 13% |
| അസിയാൻ രാജ്യങ്ങൾ | 9% |
| യു.എ.ഇ | 8% |
| മറ്റ് രാജ്യങ്ങൾ | 34% |
ഇന്ത്യയുടെ കയറ്റുമതിയിൽ രണ്ടാം സ്ഥാനത്ത് യൂറോപ്യൻ യൂണിയനാണ്. മൊത്തം കയറ്റുമതിയുടെ 16 ശതമാനം വരുമിത്. ജി.സി.സി. രാജ്യങ്ങൾ (13 ശതമാനം), അസിയാൻ രാജ്യങ്ങൾ (ഒൻപതു ശതമാനം), യു.എ.ഇ. (എട്ടു ശതമാനം), മറ്റു രാജ്യങ്ങൾ (34 ശതമാനം) എന്നിങ്ങനെയാണ് കണക്ക്. അമേരിക്കയിലേക്ക് 2025 – 26 സാമ്പത്തികവർഷം ഇന്ത്യ 8,730 കോടി ഡോളറിന്റെ ഉത്പന്നങ്ങളാണ് കയറ്റി അയച്ചത്. തൊട്ടു മുൻവർഷമിത് 8,651 കോടി ഡോളറായിരുന്നു. ഇത്രയധികം വെല്ലുവിളികളുണ്ടായിട്ടും അമേരിക്കൻ വിപണിയിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് നിർണായക സാന്നിധ്യമുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽനിന്നുള്ള പല ഉത്പന്നങ്ങൾക്കും പകരം വിപണി കണ്ടെത്താൻ ബുദ്ധിമുട്ടാണെന്നും ഇതിലൂടെ വ്യക്തമാകുന്നു.
അമേരിക്കൻ തീരുവകളിലെ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യ കയറ്റുമതി വിപണി വൈവിധ്യവത്കരിക്കാൻ ശ്രമിച്ചു വരുകയാണ്. ബ്രിട്ടനുമായുള്ള സ്വതന്ത്ര വ്യാപാരക്കരാർ ജൂലായിൽ പ്രാബല്യത്തിലായി. യൂറോപ്യൻ യൂണിയൻ, ഒമാൻ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളുമായി വാണിജ്യ കരാർ ഒപ്പുവെച്ചു. ഗൾഫ് രാജ്യങ്ങൾ, കാനഡ, ഇസ്രയേൽ, ഓസ്ട്രേലിയ, പെറു, ചിലി, അമേരിക്ക, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാരക്കരാറിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. കയറ്റുമതി വൈവിധ്യവത്കരണം പുതിയ വിപണികൾ കണ്ടെത്തുന്നതിനൊപ്പം കയറ്റുമതി ഏതെങ്കിലും രാജ്യങ്ങളിൽ കേന്ദ്രീകരിക്കുന്നത് ഒഴിവാക്കാനും സഹായിക്കും. വിപണി വൈവിധ്യവത്കരണം ഒറ്റ ദിവസംകൊണ്ടു സാധ്യമാകുന്നതല്ല. ഇതു യാഥാർഥ്യമാകുന്നതിന് രണ്ടു മൂന്നു വർഷമെടുക്കും.











































