ടൊറന്റോ: മുതിർന്ന പൗരന്മാരെ ലക്ഷ്യമിട്ട് അമേരിക്കയിൽ നടത്തിയ കോടികളുടെ സാമ്പത്തിക തട്ടിപ്പു കേസിൽ പ്രതിയായ ഇന്ത്യൻ വംശജനായ യുവാവിനെ കാനഡ അധികൃതർ അറസ്റ്റ് ചെയ്തു. അമേരിക്കൻ അധികൃതരുടെ അഭ്യർഥനയെ തുടർന്നാണ് 21കാരനായ ജയ് സുനിൽഭാർതി ഗോസ്വാമിയെ ടൊറന്റോയിലെ പിയർസൺ ഇന്റർനാഷണൽ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തത്.
ഗുജറാത്ത് സ്വദേശിയായ ഗോസ്വാമിക്കെതിരെ വയർ ഫ്രോഡ്, ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്മെന്റ് ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ പരമാവധി 20 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിവ.
2026 ജനുവരിയിൽ ഐ.ആർ.എസ്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് രാജ്യവ്യാപകമായി നടന്ന തട്ടിപ്പിന്റെ അന്വേഷണം ആരംഭിച്ചത്. ബാങ്ക് അക്കൗണ്ടുകളിൽ തട്ടിപ്പ് നടന്നതായി പറഞ്ഞ് മുതിർന്ന പൗരന്മാരെ ഭയപ്പെടുത്തുകയും അവരുടെ പണം പിന്വലിച്ച് ക്യാഷായോ സ്വർണമായോ മാറ്റാൻ പ്രേരിപ്പിക്കുകയും ചെയ്തായിരുന്നു തട്ടിപ്പ്.
ന്യൂയോർക്കിലും ന്യൂജേഴ്സിയിലും 59 മുതൽ 87 വയസ്സ് വരെയുള്ള മുതിർന്നവരിൽ നിന്ന് പണവും സ്വർണവും ശേഖരിക്കുന്നതിൽ ഗോസ്വാമി പങ്കാളിയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.
ഒൻപത് കേസുകളിലായി ഇരകൾക്ക് ഏകദേശം 75,59,185 യുഎസ് ഡോളറിന്റെ നഷ്ടമുണ്ടായതായി അധികൃതർ അറിയിച്ചു. 2025 ഓഗസ്റ്റ് മുതൽ 2026 ഏപ്രിൽ വരെയുള്ള കാലയളവിൽ ഗോസ്വാമിയുടെ ബാങ്ക് ഓഫ് അമേരിക്ക അക്കൗണ്ടിൽ 90,000 ഡോളർ നിക്ഷേപിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പ് സംഘത്തിൽ നിന്നുള്ള പ്രതിഫലമായിരുന്നു ഈ തുകയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ഓഗസ്റ്റ് 17ന് കോടതിയിൽ ഹാജരാക്കിയ ഗോസ്വാമിയെ ചില ഉപാധികളോടെ വിട്ടയച്ചിരുന്നു. എന്നാൽ അടുത്ത ദിവസം പീസ് ബ്രിജ് വഴി കാനഡയിലേക്ക് കടന്ന ഇയാൾ ടൊറന്റോയിൽ നിന്ന് ഖത്തറിലേക്ക് പോകുന്നതിനുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്തു.
വിമാനയാത്രയ്ക്കായി ടൊറന്റോ പിയർസൺ ഇന്റർനാഷണൽ എയർപോർട്ടിലെത്തിയപ്പോഴാണ് കാനഡ അധികൃതർ ഇയാളെ അറസ്റ്റ് ചെയ്തത്. അമേരിക്കയിൽ വിചാരണ നേരിടുന്നതിനായി ഗോസ്വാമിയെ കൈമാറുന്നതിനുള്ള തുടർ നിയമനടപടികൾ പുരോഗമിക്കുകയാണ്.














































