വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണം: ഗർഭിണിയടക്കം 2 പേർ കൊല്ലപ്പെട്ടു

ഗാസ: വെസ്റ്റ് ബാങ്കിലെ നൂർ ഷാംസ് അഭയാർഥി ക്യാംപിൽ ഇസ്രയേൽ സേന നടത്തിയ ആക്രമണത്തിൽ ഗർഭിണിയടക്കം രണ്ട് പേർ കൊല്ലപ്പെട്ടു. 23 വയസ്സുള്ള എട്ടുമാസം ഗർഭിണിയായ സോന്തോസ് ജമാൽ മുഹമ്മദ് ഷലാബിയും 21കാരിയായ റഹാഫ് ഫുവാദ് അബ്ദുല്ല അൽ അഷ്ഖറുമാണ് കൊല്ലപ്പെട്ടത്.ഇവരുടെ ഭർത്താവിനും മറ്റ് പലർക്കും വെടിയേറ്റതായി റിപ്പോർട്ടുണ്ട്. സൈന്യത്തിന്റെ ആക്രമണത്തെ തുടർന്ന് ആശുപത്രിയിലെത്തിക്കാൻ വൈകിയതും ആരോഗ്യപ്രവർത്തകരെ തടഞ്ഞതും ഗർഭസ്ഥ ശിശുവിനെ രക്ഷിക്കാനാകാതിരുന്നതിനും കാരണമായതായി പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇസ്രയേൽ സേന ‘ഭീകരവിരുദ്ധ റെയ്ഡ്’ എന്ന പേരിൽ വെസ്റ്റ് ബാങ്കിലെ വടക്കൻ പ്രദേശങ്ങളിൽ വെടിവയ്പ് ശക്തമാക്കിയിരിക്കുകയാണ്. തുള്‍കരീം മേഖലയിലെ അഭയാർഥി ക്യാംപിലും മാർദ് ഗ്രാമത്തിലും സൈന്യം കടന്നതായി പുതിയ റിപ്പോർട്ടുകൾ പറയുന്നു. പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ച് പരിശോധന കർശനമാക്കിയതായും റിപ്പോർട്ടുണ്ട്.