അദാനി ഗ്രൂപ്പിനെതിരായ ഡോജ് അന്വേഷണം: യുഎസ് കോണ്‍ഗ്രസുകാര്‍ ഇടപെടുന്നു

വാഷിംഗ്ടൺ: അദാനി ഗ്രൂപ്പിനെതിരായ യുഎസ് നീതിന്യായ വകുപ്പിന്റെ (ഡോജ്) അന്വേഷണം വീണ്ടും ചർച്ചയാകുന്നു. ഡോജിന്റെ നടപടിയെ ചോദ്യം ചെയ്ത് യുഎസ് കോണ്‍ഗ്രസിലെ ആറു അംഗങ്ങള്‍ പുതിയ അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിക്ക് കത്തയച്ചു.ലാന്‍സ് ഗുഡന്‍, പാറ്റ് ഫാലണ്‍, മൈക്ക് ഹരിഡോപോളോസ്, ബ്രാന്‍ഡന്‍ ഗില്‍, വില്യം ആര്‍ ടിമ്മണ്‍സ്, ബ്രയാന്‍ ബാബിന്‍ എന്നിവരാണ് ഈ ആവശ്യം ഉന്നയിച്ചത്. അദാനി ഗ്രൂപ്പിനെതിരായ കുറ്റപത്രം ഇന്ത്യയുമായുള്ള തന്ത്രപ്രധാന ബന്ധത്തിന് ദോഷകരമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.2023 നവംബറില്‍ ബൈഡന്‍ ഭരണകൂടത്തിന് കീഴിലെ ഡോജ്, അദാനി ഗ്രൂപ്പിന് എതിരെ ചില ആരോപണങ്ങളും കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാൻ തയ്യാറായിരുന്നുവെന്നതാണ് കേസിലെ മുഖ്യ ആരോപണം. എന്നാൽ അദാനി ഗ്രൂപ്പ് ഈ ആരോപണം ശക്തമായി തള്ളിയിരുന്നു.ഇത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും, യുഎസ് താല്‍പ്പര്യങ്ങൾക്ക് വേണ്ടിയുള്ള നടപടിയായി ഇതിനെ കാണുന്നുവെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ കത്തില്‍ വ്യക്തമാക്കി. വ്യാവസായിക രംഗത്ത് വലിയ സംഭാവനകള്‍ നല്‍കുന്ന സ്ഥാപനങ്ങളെ അനാവശ്യമായ നിയമ നടപടികളിലൂടെ നിരുത്സാഹപ്പെടുത്തുന്നത് അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്കു തന്നെ ദോഷകരമാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ഉഷ്മള ബന്ധം ചൂണ്ടിക്കാട്ടി, ഇന്ത്യയും യുഎസും പരസ്പര ബഹുമാനവും വിലമതിപ്പും പങ്കിടുന്ന രാജ്യങ്ങളാണെന്നതിനും കോണ്‍ഗ്രസ് അംഗങ്ങള്‍ കത്തില്‍ ഊന്നിപ്പറഞ്ഞു.