
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗത്തിന്റെ സ്ഥാപക മേധാവിയും പ്രമുഖ ഹൃദ്രോഗ ചികിത്സാവിദഗ്ധനുമായ ഡോ. ജോർജ് ജേക്കബ് (94) അന്തരിച്ചു. പാമ്പാടി കോത്തല പുള്ളോലിക്കൽ കുടുംബാംഗമാണ്.ഭൗതികശരീരം ബുധനാഴ്ച വൈകിട്ട് 6ന് വസതിയിൽ എത്തിക്കും. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 2ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 3.30ന് പാമ്പാടി ഈസ്റ്റ് സെന്റ് മേരീസ് ചെറിയ പള്ളിയിൽ നടക്കും.1964ൽ ജനറൽ മെഡിസിൻ അസിസ്റ്റന്റ് പ്രഫസറായാണ് കോട്ടയം മെഡിക്കൽ കോളജിൽ സേവനം ആരംഭിച്ചത്. 1970ൽ കാർഡിയോളജി വിഭാഗം രൂപീകരിക്കുമ്പോൾ ആദ്യ മേധാവിയായി ചുമതലയേറ്റു. 1986ൽ വിരമിച്ച ശേഷം 20 വർഷത്തോളം കാരിത്താസ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേധാവിയായി പ്രവർത്തിച്ചു.കൊൽക്കത്ത മെഡിക്കൽ കോളജിൽ നിന്നും എംബിബിഎസ് പൂർത്തിയാക്കിയ ശേഷം വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലും, ബ്രിട്ടനിലെ ബ്രിസ്റ്റൽ യൂണിവേഴ്സിറ്റിയിലുമായി വിദഗ്ധ പഠനം നടത്തി. മധ്യകേരളത്തിലെ ആദ്യകാല ഹൃദ്രോഗ വിദഗ്ധരിൽ പ്രമുഖനായ അദ്ദേഹം നിരവധി ഡോക്ടർമാരുടെ അധ്യാപകനും ആയിരുന്നു.ഭാര്യ: ഡോ. മേരി ജോർജ് (മുൻ ഡയറക്ടർ, അനസ്തീസിയ വിഭാഗം, കോട്ടയം മെഡിക്കൽ കോളജ്).മക്കൾ: ദീപ ജോർജ്, ഡോ. തോമസ് ജോർജ് (കൺസൽട്ടന്റ് കാർഡിയോളജിസ്റ്റ്, കാരിത്താസ് ആശുപത്രി), ഡോ. അനില ജോർജ് (കൺസൽട്ടന്റ് പീഡിയാട്രിഷ്യൻ, ബോസ്റ്റൺ, യുഎസ്).മരുമക്കൾ: ജോർജ് പോൾ (ബിസിനസ്, ഡൽഹി), സ്നേഹ തോമസ്, ഡോ. അജിത് തോമസ് (കൺസൽട്ടന്റ് ന്യൂറോ സർജൻ, യുഎസ്).