വിമാനവാഹിനിക്കപ്പലും വ്യാപാര കപ്പലും കൂട്ടിയിടിച്ചു: യുഎസ് നാവികസേനയുടെ വിശദീകരണം

വാഷിംഗ്ടൺ: യുഎസ്എസ് ഹാരി എസ്. ട്രൂമാൻ (CVN 75) വിമാനവാഹിനിക്കപ്പൽ മെഡിറ്ററേനിയൻ കടലിൽ ഒരു വ്യാപാര കപ്പലുമായി കൂട്ടിയിടിച്ചതായി യുഎസ് നാവികസേന അറിയിച്ചു.ഈജിപ്തിലെ സെയ്ദ് തുറമുഖത്തിനു സമീപം കാരിയർ ഓപ്പറേഷൻസ് നടത്തുന്ന സമയത്താണ് പനാമ പതാകയുള്ള ബെസിക്റ്റാസ്-എം വ്യാപാര കപ്പലുമായുള്ള കൂട്ടിയിടി സംഭവിച്ചത്. സംഭവം വ്യാഴാഴ്ച സ്ഥിരീകരിച്ചതായി യുഎസ് നേവി കമാൻഡർ തിമോത്തി ഗോർമാൻ പ്രസ്താവനയിൽ പറഞ്ഞു.ഹാരി എസ്. ട്രൂമാനിന് അപകടത്തിൽ കേടുപാടുകളില്ലെന്നും, യുദ്ധക്കപ്പലിലെ പ്രൊപ്പൽഷൻ പ്ലാന്റുകൾ സുരക്ഷിതമാണെന്നും ഗോർമാൻ വ്യക്തമാക്കി. കൂടിയിടിയുടെ കാരണം വ്യക്തമല്ല, എന്നാൽ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും യുഎസ് നാവികസേന അറിയിച്ചു.കൂട്ടിയിടിക്കുപിന്നാലെ ബെസിക്റ്റാസ്-എം വ്യാപാര കപ്പലിന് ഉണ്ടായ കേടുപാടുകൾ സംബന്ധിച്ച വിവരങ്ങൾ പ്രസ്താവനയിൽ ഉൾപ്പെടുത്തിയിട്ടില്ല.