AmericaIndiaLatest NewsNewsPolitics

ഇന്ത്യയിൽ വോട്ടിങ് പ്രോത്സാഹിപ്പിക്കാൻ യുഎസിന്റെ 2.1 കോടി ഡോളർ; നിർത്തലാക്കി മസ്കിന്റെ ഡോജ്

വാഷിങ്ടൻ∙ ഇന്ത്യയിലെ വോട്ടെടുപ്പിൽ ജനങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനു നടത്തുന്ന ബോധവത്കരണ നടപടികൾക്കായി യുഎസ് നൽകിവരുന്ന 21 മില്യൻ ഡോളറിന്റെ (2.1 കോടി ഡോളർ) സഹായം നിർത്തലാക്കി. ഇലോൻ മസ്ക്  നേതൃത്വം നൽകുന്ന ഡോജിന്റെ (ഡിപ്പാർട്മെന്റ് ഓഫ് ഗവേൺമെന്റ് എഫിഷ്യൻസി) തീരുമാനപ്രകാരമാണു നടപടി. ഇന്ത്യ, ബംഗ്ലദേശ്, മൊസാംബിക് തുടങ്ങിയ രാജ്യങ്ങളിലെ വിവിധ പദ്ധതികൾക്കായി യുഎസ് നൽകുന്ന രാജ്യാന്തര സഹായത്തിൽ വ്യാപകമായ വെട്ടിക്കുറയ്ക്കലുകൾ നടക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയും. ‘‘യുഎസിലെ നികുതിദായകന്റെ പണം താഴെപ്പറയുന്ന കാര്യങ്ങൾക്കു ചെലവഴിച്ചിരുന്നു. ഇവയെല്ലാം റദ്ദാക്കിയിരിക്കുകയാണ്’’ – ഡോജിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണു തീരുമാനം പുറത്തുവിട്ടിരിക്കുന്നത്. ചെലവു കുറച്ചില്ലെങ്കിൽ അമേരിക്ക പാപ്പരാകുമെന്ന് മസ്ക് നിരന്തരം പറയുന്നുണ്ട്. ഇന്ത്യയിലെ ജനങ്ങളെ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്നതിനുവേണ്ടിയാണ് 21 മില്യൻ ചെലവിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ദിവസങ്ങൾക്കുശേഷമാണ് ഈ തീരുമാനം വന്നിരിക്കുന്നത്. വിവിധ മേഖലകളിൽ ഇന്ത്യ – യുഎസ് ബന്ധം ശക്തിപ്പെടുത്താനുള്ള കാര്യങ്ങളാണ് ചർച്ച ചെയ്തതെന്നാണ് പുറത്തുവന്ന വിവരം. എന്നാൽ ഈ ഫണ്ട് റദ്ദാക്കുന്ന കാര്യം ഔദ്യോഗിക വാർത്താക്കുറിപ്പുകളിലോ മാധ്യമസമ്മേളനങ്ങളിലോ വെളിപ്പെടുത്തിയിട്ടില്ല. ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി മസ്കിനെയും മോദി കണ്ടിരുന്നു. അതേസമയം, ഇത്തരമൊരു ഫണ്ടിന്റെ കാര്യത്തിൽ വിമർശനവുമായി ബിജെപിയുടെ സമൂഹമാധ്യമ വിഭാഗം തലവൻ അമിത് മാളവ്യ രംഗത്തെത്തി. ‘‘വോട്ടു ചെയ്യാൻ ഇന്ത്യയിലെ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് 21 മില്യൻ യുഎസ് ഡോളറോ? ഇതു ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പുറത്തുനിന്നുള്ള സ്വാധീനമല്ലേ? ഇതിൽനിന്നാരാണു നേട്ടം കൊയ്യുന്നത്? ഭരിക്കുന്ന പാർട്ടിയല്ലെന്ന് ഉറപ്പാണ്’’ – എക്സിലെ കുറിപ്പിൽ മാളവ്യ പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button