ട്രംപ് ബൈഡന്റെ ഭരണകാലത്തെ എല്ലാ യുഎസ് അറ്റോര്‍ണിമാരെയും പുറത്താക്കുന്നു

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ജോ ബൈഡന്റെ ഭരണകാലത്ത് നിയമിതരായ എല്ലാ ഫെഡറൽ അറ്റോര്‍ണിമാരെയും പുറത്താക്കാൻ ഉത്തരവിട്ടു. ട്രൂത്ത് സോഷ്യൽ മീഡിയയിൽ ചൊവ്വാഴ്ച പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.നീതിന്യായ സംവിധാനത്തിൽ രാഷ്ട്രീയ ഇടപെടലുകൾ വർധിച്ചിരിക്കുന്നതിനാൽ ഇത് തടയാനാണ് നടപടി എന്നതാണ് ട്രംപിന്റെ വിശദീകരണം. “കഴിഞ്ഞ നാലുവർഷമായി നീതിന്യായ വകുപ്പ് മുമ്പുണ്ടായിരുന്നേക്കാത്തവിധം രാഷ്ട്രീയവത്ക്കരിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ബൈഡൻ നിയമിച്ച എല്ലാ അറ്റോർണിമാരെയും ഒഴിവാക്കാൻ ഞാൻ നിർദേശിച്ചിട്ടുണ്ട്. അമേരിക്കയുടെ നിയമവ്യവസ്ഥ ന്യായമായിരിക്കേണ്ടതുണ്ട്,” എന്ന് ട്രംപ് കൂട്ടിച്ചേർത്തു.യുഎസിലെ 94 ഫെഡറൽ കോടതികളിലായി 93 അറ്റോർണിമാരാണുള്ളത്. ട്രംപ് അധികാരത്തിൽ എത്തിയതിന് ശേഷം പലരും നേരത്തെ തന്നെ രാജിവെച്ചിരുന്നു. അധികാരമേറ്റ് കഴിഞ്ഞ് നിരവധി ഉയർന്ന ഉദ്യോഗസ്ഥരെ ട്രംപ് പുറത്താക്കുകയും സ്ഥാനമാറ്റം നടത്തുകയും ചെയ്തിട്ടുണ്ട്.