ജര്‍മനിയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചെന്ന് മേര്‍ട്സിന്റെ കണ്‍സര്‍വേറ്റിവ് സഖ്യം, ആശംസ അറിയിച്ച് ട്രംപ്

ന്യൂഡല്‍ഹി : ജര്‍മനിയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതായി ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ (സിഡിയു) നേതാവ് ഫ്രീഡ്‌റിഷ് മേര്‍ട്സിന്റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റിവ് സഖ്യം. നിലവിലെ പ്രതിപക്ഷമായിരുന്നു സിഡിയു. കുടിയേറ്റ വിരുദ്ധനായ മേര്‍ട്‌സാകും അടുത്ത ചാന്‍സലര്‍.സിഡിയു-സിഎസ്യു സഖ്യം 28.5 ശതമാനം വോട്ടു നേടിയെന്നാണ് പുറത്തുവരുന്ന വിവരം. ആകെയുള്ള 630 സീറ്റില്‍ 209 സീറ്റുകള്‍ നിലവില്‍ സിഡിയു-സിഎസ്യു സഖ്യം നേടിയതെന്നും സൂചനയുണ്ട്. ഒറ്റയ്ക്കു ഭരിക്കാന്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി മറ്റു പാര്‍ട്ടികളുമായി സഖ്യചര്‍ച്ചകള്‍ മേര്‍ട്സ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.തിരഞ്ഞെടുപ്പ് വിജയികള്‍ക്ക് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആശംസ അറിയിച്ചു. നവംബറില്‍ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നു പാര്‍ലമെന്റ് പിരിച്ചുവിട്ടതോടെയാണ് ജര്‍മനിയില്‍ വീണ്ടും പൊതുതിരഞ്ഞെടുപ്പ് നടന്നത്.