‘ഞാനാണ് ഏറ്റവും കേമനെന്നു സ്വയം പറഞ്ഞാൽ അതിൽപരം അയോഗ്യതയുണ്ടോ? ജനത്തിന് പുച്ഛം’

കോട്ടയം ∙ കോൺഗ്രസ് നേതാവ് ശശി തരൂർ എംപിക്കെതിരെ വിമർശനവുമായി യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ കൂറിലോസ്. ഞാനാണ് ഏറ്റവും കേമനെന്നു ഒരാൾ സ്വയം പറഞ്ഞാൽ അതിൽപരം അയോഗ്യത വേറെ ഉണ്ടോയെന്നു അദ്ദേഹം സമൂഹമാധ്യമത്തിലെ കുറിപ്പിൽ ചോദിച്ചു. തരൂരിന്റെ പേരെടുത്തു പറയാതെയാണു വിമർശനം.കേരളത്തിലെ കോണ്‍ഗ്രസ് പാർട്ടിയുടെ പ്രവർത്തനങ്ങളെ വിമർശിച്ചുള്ള ശശി തരൂരിന്റെ അഭിമുഖം ഇംഗ്ലിഷ് ദിനപത്രത്തിലാണു വന്നത്. കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രധാന നേതാവിന്റെ അഭാവമുണ്ടെന്നും നന്നായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ മൂന്നാം തവണയും കോണ്‍ഗ്രസ് പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്നുമായിരുന്നു തരൂരിന്റെ വിമർശനം.
‘‘ഞാനാണ് ഏറ്റവും കേമനെന്നു ഒരാൾ സ്വയം പറഞ്ഞാൽ അതിൽപരം അയോഗ്യത വേറെ ഉണ്ടോ? മത്സ്യത്തൊഴിലാളികളുടെ വോട്ട് കിട്ടിയില്ലായിരുന്നു എങ്കിൽ ഇദ്ദേഹം ഇപ്രാവശ്യം എവിടെ ഇരിക്കുമായിരുന്നു? കിട്ടാവുന്നതെല്ലാം വാങ്ങി അധികാരത്തിന്റെ സൗകര്യങ്ങൾ അനുഭവിച്ചിട്ട് അധികാരക്കൊതി തീരാതെ, എല്ലാം തന്ന പ്രസ്ഥാനത്തെ തള്ളിപ്പറയുകയും ‘കാല്’ മാറുകയും ചെയ്യുന്നവരോടു സാധാരണ ജനങ്ങൾക്കു പുച്ഛമുണ്ടാകും! അത് ആരായാലും ഏതു പ്രസ്ഥാനം ആയാലും!’’