ഇലോൺ മസ്കിന്റെ കാനഡ പൗരത്വം റദ്ദ് ചെയ്യണമെന്ന് ആവശ്യം; 150,000-ത്തിലധികം പേർ ഒപ്പുവച്ചു

ഓട്ടാവ: ലോകപ്രശസ്ത സംരംഭകനും ടെസ്‌ല, സ്പേസ്‌എക്‌സ് മുതലായ കമ്പനികളുടെ മേധാവിയുമായ ഇലോൺ മസ്കിന്റെ കാനഡ പൗരത്വം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് 150,000-ത്തിലധികം കനേഡിയൻ പൗരന്മാർ ഒപ്പുവച്ച പാർലമെന്ററി പെറ്റീഷൻ ഹൗസ് ഓഫ് കോമൺസിൽ സമർപ്പിച്ചു.മസ്ക്, മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി സഹകരിച്ച് കാനഡയെ “അമേരിക്കയുടെ 51-ാം സംസ്ഥാനം” ആക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായുള്ള ആരോപണമാണ് ഈ ആവശ്യത്തിന് പിന്നിലെ പ്രധാന കാരണം. ന്യൂ ഡെമോക്രാറ്റിക് പാർലമെന്ററി അംഗം ചാർലി ആംഗസ്, ബ്രിട്ടീഷ് കൊളംബിയയിലെ എഴുത്തുകാരിയായ ക്വാലിയ റീഡിന്റെ നേതൃത്വത്തിൽ ഹർജി സമർപ്പിച്ചു.ദക്ഷിണാഫ്രിക്കയിൽ ജനിച്ച മസ്കിന് കാനഡ പൗരത്വം ലഭിച്ചത് കാനഡയിലെ സസ്‌കാച്ചെവൻ പ്രവിശ്യയിൽ ജനിച്ച മാതാവിലൂടെയാണ്. എന്നാൽ, ഇപ്പോൾ അദ്ദേഹത്തിന്റെ പ്രവർത്തനം കാനഡയുടെ ദേശീയ താൽപര്യങ്ങൾക്ക് വിപരീതമാണെന്നാരോപിച്ച് വലിയ പ്രതിഷേധം ഉയരുകയാണ്.ജനുവരി 20-ന് ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തിയതോടെ, കാനഡയുടെ പരമാധികാരം പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തിയതിൽ മസ്ക് മുഖ്യ പങ്കുവഹിച്ചുവെന്ന ആരോപണവുമുണ്ട്. ട്രംപിന്റെ ഉപദേശകനായ നിലയിൽ, കാനഡയുടെ സ്വതന്ത്ര നിലനിൽപ്പിന് ഭീഷണിയുള്ള പ്രവർത്തനങ്ങൾ മസ്ക് നടത്തുന്നുവെന്നതാണ് ഹർജിയിലെ മുഖ്യ ഉള്ളടക്കം.പൊതുജന പിന്തുണ കൂടുന്ന സാഹചര്യത്തിൽ, മസ്കിന്റെ കാനഡ പൗരത്വം റദ്ദാക്കാനുള്ള നിർദ്ദേശം സർക്കാർ പരിഗണിക്കുമോ എന്നും പ്രതീക്ഷിക്കുന്നു.