കാർ ഓടിക്കുന്നതിനിടെ ഹൃദയാഘാതം; അയർലൻഡിൽ മലയാളി യുവാവ് മരിച്ചു

കിൽക്കെനി: അയർലൻഡിലെ കിൽക്കെനിയിൽ വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് മലയാളി യുവാവ് മരിച്ചു. എറണാകുളം ഇലഞ്ഞി പെരുമ്പടവം മാലായിക്കുന്നേൽ വീട്ടിൽ കെ.ഐ. ശ്രീധരന്റെ മകൻ അനീഷ് ശ്രീധരൻ (38) ആണ് മരണപ്പെട്ടത്.ചൊവ്വാഴ്ച നാട്ടിലേക്ക് പോകാനായി ടിക്കറ്റെടുത്തിരുന്നു. യാത്രയ്ക്കുമുൻപ് ജോലി ചെയ്യുന്ന റസ്റ്ററന്റിൽ പോകുന്നതിനായി രാവിലെ 8.30ന് കിൽക്കെനി ടൗണിൽ എത്തി. എന്നാൽ, അപ്പോൾ തന്നെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ടൗണിലെ ഒരു കടയുടെ മതിലിൽ ഇടിക്കുകയുമായിരുന്നു.പാരാമെഡിക്കൽ സംഘം സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർ ഓടിക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതാകാമെന്നു പ്രാഥമിക നിഗമനം.മൂന്ന് വർഷം മുൻപാണ് അനീഷ് അയർലൻഡിൽ എത്തിയത്. കിൽക്കെനി സെന്റ് ലൂക്ക്സ് ജനറൽ ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്യുന്ന ജ്യോതി ആണ് ഭാര്യ. 8 വയസ്സുള്ള ശിവാന്യ, 10 മാസം പ്രായമുള്ള സാദ്വിക് എന്നിവരാണ് മക്കൾ. ശാന്ത ശ്രീധരനാണ് മാതാവ്.മൃതദേഹം നാട്ടിൽ സംസ്കരിക്കണമെന്നാണു കുടുംബാംഗങ്ങളുടെ ആഗ്രഹം. കിൽക്കെനിയിൽ പൊതുദർശനം നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നതായി മലയാളി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. നിലവിൽ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.അനീഷ് കിൽക്കെനി മലയാളി അസോസിയേഷന്റെ സജീവ പ്രവർത്തകനായിരുന്നു. പൊതുദർശനത്തിന്റെ തീയതി പിന്നീട് അറിയിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.