
ശ്രീനഗർ: ജമ്മുവിലെ മേക്കപ്പ് ആർട്ടിസ്റ്റ് സബിഹ ബീഗ് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. ഷിക്കാഗോ സ്വദേശിനി പെയ്ജ് റെയ്ലിയെ കശ്മീരി വധുവിന്റെ പരമ്പരാഗത വേഷത്തിൽ അണിയിച്ചൊരുക്കിയതാണ് വൈറലായ വീഡിയോ.പെയ്ജ് റെയ്ലി ഇന്ത്യയിലെ തന്റെ മെഹന്തി ചടങ്ങിനായി തയ്യാറാകുമ്പോഴായിരുന്നു ഈ പ്രത്യേക മെക്കോവർ. മഞ്ഞയും പിങ്ക് നിറത്തിലുള്ള മനോഹരമായ ലെഹങ്ക, ചോക്കർ, ജുംക, നീണ്ട മരതക മാല എന്നിവയണിഞ്ഞു, കാശ്മീരി പണ്ഡിറ്റ് സ്ത്രീകളുടേതിനുള്ള സമാനമായ മേക്കപ്പിലാണ് അവർ അണിനിരന്നത്.കശ്മീരി പണ്ഡിറ്റ് സ്ത്രീകൾ വിവാഹിതരായ ശേഷം ധരിക്കുന്ന പരമ്പരാഗത ആഭരണമായ ‘കശ്മീരി ഡെജ്ഹൂർ’ ചെവികളിൽ അണിഞ്ഞതാണ് പെയ്ജിന്റെ ലുക്കിനെ കൂടുതൽ ശ്രദ്ധേയമാക്കിയത്. സബിഹ ബീഗിന്റെ അസാധാരണമായ ഈ ക്രിയേഷൻ സമൂഹമാധ്യമങ്ങളിൽ വൻ സ്വീകരണമാണ് ലഭിക്കുന്നത്.