ഷിക്കാഗോ മിഡ്വേ വിമാനത്താവളത്തില്‍ തലനാരിഴയ്ക്ക് വിമാനം കൂട്ടിയിടി ഒഴിവാക്കി

ഷിക്കാഗോ: ഷിക്കാഗോ മിഡ്വേ വിമാനത്താവളത്തില്‍ വിമാനം കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്. ചൊവ്വാഴ്ച രാവിലെ ലാന്‍ഡിംഗിനായി തയ്യാറെടുത്തിരുന്ന സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 2504, റണ്‍വേയില്‍ അനുമതിയില്ലാതെ പ്രവേശിച്ചിരുന്ന ഒരു സ്വകാര്യ ജെറ്റിനെ ഒഴിവാക്കാനായി അവസാനനിമിഷം ലാന്‍ഡിംഗ് നിര്‍ത്തി വീണ്ടും പറന്നുയരുകയായിരുന്നു.ബോയിംഗ് 737 ആയ സൗത്ത് വെസ്റ്റ് വിമാനം, റണ്‍വേയില്‍ ഏതാനും അടി അകലെയായിരുന്ന ചലഞ്ചര്‍ 350 സ്വകാര്യ ജെറ്റുമായി കൂട്ടിയിടി ഒഴിവാക്കുന്നതിനായി അടിയന്തിരമായി ഉയർന്നു. തുടര്‍ന്ന് ഏകദേശം 10 മിനിറ്റിനുശേഷം വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (FAA) സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. “സുരക്ഷാ നടപടിക്രമങ്ങള്‍ പാലിച്ചതിനാൽ വിമാനം അപകടമില്ലാതെ ലാന്‍ഡ് ചെയ്തു. ഞങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയേക്കാള്‍ ഞങ്ങൾക്ക് പ്രാധാന്യമില്ല,” എന്നുമാണ് സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് അധികൃതരുടെ പ്രതികരണം.യുഎസില്‍ അടുത്തകാലത്ത് വിമാനയാത്രകളുടെ സുരക്ഷയെ ചോദ്യം ചെയ്യുന്ന നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ആഴ്ച, ഒരു ഡെല്‍റ്റ വിമാനത്തിന് ടൊറന്റോയില്‍ ഇടിച്ചിറങ്ങേണ്ടി വന്നതോടൊപ്പം, മറ്റൊരു വിമാനത്തില്‍ ക്യാബിനില്‍ പുക ഉയർന്നതിനെ തുടര്‍ന്ന് അറ്റ്ലാന്റയിലേക്ക് മടങ്ങേണ്ടിവന്നിരുന്നു. ഇതിലുപരി, ജനുവരി മാസത്തില്‍ വാഷിംഗ്ടണ്‍ ഡിസിക്ക് മുകളില്‍ ഒരു അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം, ആര്‍മി ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് 67 പേര്‍ മരിച്ച സംഭവവും വലിയ ചർച്ചയ്ക്ക് കാരണമായി.