
ന്യൂഡൽഹി: ബിജെപിയിലേക്ക് ചേരില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ പോഡ്കാസ്റ്റിൽ സംസാരിക്കുമ്പോൾ ബിജെപിയിൽ ചേരാനുള്ള സാധ്യതയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.“ഓരോ പാർട്ടിക്കുമുണ്ട് അവരുടെ വിശ്വാസങ്ങളും ചരിത്രവും. ഒരൊരിടത്തെ വിശ്വാസവുമായി ചേരാൻ കഴിയാതാകുമ്പോൾ മറ്റൊന്നിൽ ചേരുന്നത് ശരിയല്ല,” എന്നാണ് തരൂരിന്റെ പ്രതികരണം.അതേസമയം, പാർട്ടിയിൽനിന്ന് മാറി സ്വതന്ത്രനായി നിൽക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ആർഎസ്എസ് തലവൻ മോഹൻ ഭാഗവതുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചും തരൂർ പ്രതികരിച്ചു. “രാജ്യത്ത് ഹിന്ദുമതത്തിന്റെ പേരിൽ നടക്കുന്ന ചില കാര്യങ്ങൾ ശരിയല്ലെന്ന് ഞാൻ ഭാഗവതിനോട് പറഞ്ഞപ്പോൾ, അതിനോട് അദ്ദേഹം യോജിച്ചു. എന്നാൽ, അവയെ പരസ്യമായി ചോദ്യം ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ചപ്പോൾ, എല്ലാത്തിനെയും കുറിച്ച് പ്രതികരിക്കാനാകുമോ എന്ന മറുപടിയാണ് ലഭിച്ചത്,” തരൂർ വ്യക്തമാക്കി.ഭാവിയിൽ കോൺഗ്രസിലേയ്ക്കുള്ള തന്റെ നിലപാട് എന്തെന്ന ചോദ്യത്തിന്, “ഞാൻ ഒരു ജ്യോതിഷിയല്ല,” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രാജ്യത്തിന്റെയും പാർട്ടിയുടെയും താൽപര്യങ്ങൾക്കനുസരിച്ചായിരിക്കും തീരുമാനങ്ങൾ എടുക്കുക.കേരള രാഷ്ട്രീയത്തിലും തന്റെ ഇടപെടലിനെക്കുറിച്ചും തരൂർ പ്രതികരിച്ചു. “കേരളത്തിലെ ജനങ്ങൾ കൂടുതൽ ഇടപെടണമെന്ന് ആഗ്രഹിക്കുന്നു. തിരുവനന്തപുരത്തെ ഞാൻ പ്രതിനിധീകരിക്കുന്നത് ഒരു പാർട്ടി ഉത്തരവാദിത്തമായി മാത്രം കാണുന്നില്ല. മത്സരിച്ചില്ലെങ്കിലും ഇവിടെ തുടരും,” തരൂർ കൂട്ടിച്ചേർത്തു.