അഞ്ചാംപനി: ടെക്സസിൽ വാക്സിനേഷൻ എടുക്കാത്ത കുട്ടി മരിച്ചു

ടെക്സസ്: ടെക്സസിൽ വാക്സിനേഷൻ എടുക്കാത്ത ഒരു കുട്ടി അഞ്ചാംപനി ബാധിച്ച് മരണപ്പെട്ടു. സംസ്ഥാന ആരോഗ്യ വകുപ്പ് ബുധനാഴ്ച ഇത് സ്ഥിരീകരിച്ചു. ഒരു ദശാബ്ദത്തിനിടെ യുഎസിൽ അഞ്ചാംപനി മൂലമുള്ള ആദ്യത്തെ മരണമാണ് ഇത്.അമേരിക്കൻ ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയർ ഈ വിവരങ്ങൾ ഔദ്യോഗികമായി അറിയിച്ചു. “വാക്സിനേഷൻ എടുക്കാത്ത സ്കൂൾ പ്രായത്തിലുള്ള കുട്ടിയെ കഴിഞ്ഞ ആഴ്ച ലുബ്ബോക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയിൽ അഞ്ചാംപനി പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു,” ആരോഗ്യ വകുപ്പ് പ്രസ്താവനയിൽ വ്യക്തമാക്കി.ഈ വർഷം പടിഞ്ഞാറൻ ടെക്സാസിലും അയൽരാജ്യമായ ന്യൂ മെക്സിക്കോയിലും 130-ലധികം മീസിൽസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗവും വാക്സിനേഷൻ എടുക്കാത്ത കുട്ടികളാണ്.ടെക്സാസിൽ മാത്രം 20 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. രോഗബാധിതരുടെ എണ്ണം കൂടാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.വാക്സിനേഷൻ ആജീവനാന്ത പ്രതിരോധം നൽകുന്നതിൽ വളരെ ഫലപ്രദമാണ്. ഒരു ഡോസ് 93% ഫലപ്രദവുമാകുമ്പോൾ രണ്ട് ഡോസുകൾ 97% ഫലപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു.അമേരിക്കയിൽ അഞ്ചാംപനിമൂലമുള്ള അവസാന മരണം 2015-ലായിരുന്നു.