ഷുഗർ ലാൻഡ് സിറ്റി കൗൺസിൽ അറ്റ്-ലാർജ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോ. ജോർജ് എം. കാക്കനാട് പ്രചാരണ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു

ഷുഗർ ലാൻഡ്: ടെക്സാസിലെ പ്രശസ്ത നഗരമായ ഷുഗർ ലാൻഡിൽ സിറ്റി കൗൺസിൽ അറ്റ്-ലാർജ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോ. ജോർജ് എം. കാക്കനാട് തന്റെ പ്രചാരണ അനുഭവങ്ങൾ പങ്കുവച്ചു.”ഈ നഗരത്തിന്റെ എല്ലാ തലങ്ങളിലും നിന്നുമുള്ള ജനങ്ങളെ നേരിൽ കണ്ട് അവരുടെ ആശങ്കകൾ മനസ്സിലാക്കാൻ കഴിയുന്നത് എന്റെ ജീവിതത്തിലെ മഹത്തായ അനുഭവങ്ങളിലൊന്നാണ്,” ഡോ. ജോർജ് പറഞ്ഞു. 2003 മുതൽ കുടുംബത്തോടൊപ്പം ഷുഗർ ലാൻഡിൽ താമസിക്കുന്ന അദ്ദേഹം നഗരത്തിന്റെ വളർച്ച നേരിട്ട് അനുഭവിച്ചിട്ടുണ്ട്.”എന്റെ കുട്ടികൾ ഈ നഗരത്തിലെ സ്‌കൂളുകളിലും ഹൂസ്റ്റൺ സർവകലാശാലയിലും വിദ്യാഭ്യാസം പൂർത്തിയാക്കി. ഇവിടെ സ്‌കൂളുകളും സമൂഹവും സമഗ്രമായ പുരോഗതി കാഴ്ചവയ്ക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.സൈനിക സേവനം ഏറ്റെടുത്ത അനുഭവം വലിയ ഗൗരവത്തോടെ അദ്ദേഹം ഓർമ്മിക്കുന്നു. “മുൻപ് യൂണിഫോമിൽ രാജ്യത്തിൻ്റെ സേവനം നിർവഹിച്ചപോലെ, ഇപ്പോൾ പ്രാദേശിക തലത്തിൽ സേവനം ചെയ്യാനുള്ള പ്രതിജ്ഞയാണ് എനിക്ക്,” അദ്ദേഹം പറഞ്ഞു.സെന്റ് തെരേസാസ് കാത്തലിക് പള്ളിയുമായി ആത്മബന്ധമുള്ള അദ്ദേഹം കുർബാനയിലൂടെ ആത്മീയ ശക്തി കണ്ടെത്തുന്നു. “മതസ്വാതന്ത്ര്യത്തിന്റെ തത്വം നമ്മെ ഒരുമിപ്പിച്ച് നയിക്കുമെന്ന വിശ്വാസത്തിലാണ് ഞാൻ,” അദ്ദേഹം വ്യക്തമാക്കി.ബാലറ്റിൽ ഒന്നാം സ്ഥാനാർത്ഥിയായതിനെ അദ്ദേഹം സമൂഹത്തിലെ വിശ്വാസത്തിന്റെയും പിന്തുണയുടെയും അടയാളമായി കാണുന്നു. “നഗരത്തിന് വേണ്ടി കാര്യക്ഷമമായ തീരുമാനങ്ങൾ എടുക്കാൻ കൗൺസിൽ മീറ്റിംഗുകളിൽ ഞാൻ പങ്കെടുക്കുന്നുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.”ഈ തിരഞ്ഞെടുപ്പിൽ വിവിധ സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ടെങ്കിലും, നമ്മെ ഒരുമിപ്പിക്കുന്നത് കമ്മ്യൂണിറ്റിയോടുള്ള പ്രതിബദ്ധതയാണ്,” അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ നികുതി പണമുപയോഗിച്ച് കാര്യക്ഷമമായ ഭരണമാണ് തന്റെ ലക്ഷ്യം.”എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുന്ന ഒരു നഗരത്തിനായി എന്റെ പ്രയത്‌നങ്ങൾ തുടരും,” ഡോ. ജോർജ് എം. കാക്കനാട് ആവേശത്തോടെ വ്യക്തമാക്കി.