ഫൊക്കാനയുടെ ചരിത്ര കൺവൻഷൻ: 2026ൽ പെൻസിൽവേനിയയിലെ കൽഹാരി റിസോർട്ടിൽ

പെൻസിൽവേനിയയിലെ കൽഹാരി റിസോർട്ടിൽ 2026 ഓഗസ്റ്റ് 6 മുതൽ 9 വരെ നടക്കുന്ന ഫൊക്കാന ഇന്റർനാഷണൽ കൺവൻഷനുമായി ബന്ധപ്പെട്ട് കരാർ ഒപ്പുവെച്ചതോടെ ഫൊക്കാനയുടെ ചരിത്രത്തിലെ മറ്റൊരു മഹത്തായ അധ്യായം തുറന്നു. ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ എന്നിവരുടെ നേതൃത്വത്തിൽ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാനഡയിൽ നിന്നും ഒട്ടേറെ നേതാക്കളും പ്രതിനിധികളും ഈ വലിയ നിമിഷത്തിന്റെ സാക്ഷിയാവാൻ എത്തിച്ചേർന്നതോടെ സംഭവം ഒരു ഉത്സവമായി മാറി.

റിസോർട്ടിന്റെ ജനറൽ മാനേജർ ഡോണും ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയും ചടങ്ങിൽ കരാറിൽ ഒപ്പുവച്ചതോടെ, അൻപതിൽധികം സീനിയർ ഫൊക്കാന നേതാക്കളുടെ സാനിധ്യം ഈ മഹത്തായ സംഭവത്തെ ചരിത്രപ്രസിദ്ധമാക്കി. ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ വാട്ടർ പാർക്കായി അറിയപ്പെടുന്ന കൽഹാരി റിസോർട്ട്, അതിന്റെ വിശാലതയാലും ആധുനിക സൗകര്യങ്ങളാലും ഫൊക്കാനയുടെ ഭാവിയിലേക്കുള്ള വലിയ കാൽവെപ്പായി മാറും. പോക്കണോ മൗണ്ടൻസിൽ സ്ഥിതി ചെയ്യുന്ന ഈ വേദി, ന്യു യോർക്കിൽ നിന്ന് രണ്ട് മണിക്കൂർ ദൂരത്തും ഫിലാഡൽഫിയയ്ക്ക് അടുത്തും വാഷിംഗ്ടൺ ഡിസി ഉൾപ്പെടെ ഈസ്റ്റ് കോസ്റ്റിലെ പ്രധാന സ്ഥലങ്ങളിൽ നിന്നും സുഖപ്രദമായ യാത്രയിലൂടെ എത്തിച്ചേരാവുന്ന സ്ഥലവുമാണ്.

ആയിരത്തോളം റൂമുകൾ, അറായിരത്തിൽ അധികം ആളുകൾക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാളുകൾ, പതിനായിരത്തിലധികം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം, അത്യാധുനിക സൗകര്യങ്ങൾ, പ്രകൃതിസുന്ദരമായ അന്തരീക്ഷം എന്നിവയെല്ലാം ചേർന്ന് ഈ കൺവൻഷൻ സെന്ററെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നു.
ഫൊക്കാനയെക്കുറിച്ച് പറയുമ്പോൾ കുടുംബാംഗങ്ങൾക്കും യുവജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു ഉത്സവമാണ് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഈ വേദി, ഫൊക്കാനയുടെ കുടുംബകേന്ദ്രിത ദൗത്യത്തിന് അനുയോജ്യമായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വേദിയിലെ സൗകര്യങ്ങളും വൈഭവവുമെല്ലാം മുൻകാല ഫൊക്കാന കൺവൻഷനുകളെക്കാൾ ഉയർന്നതാണെന്ന് സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും, മികച്ച റിസോർട്ടിൽ കുറഞ്ഞ ചെലവിൽ രജിസ്‌ട്രേഷൻ സൗകര്യം ഉറപ്പാക്കുമെന്ന് ട്രഷറർ ജോയി ചാക്കപ്പനും വ്യക്തമാക്കി.
കരാറിന്റെ ഒപ്പിടലിന് ശേഷം, വുഡ്‌ലാൻഡ് റിസോർട്ടിൽ നടന്ന ആഘോഷ പരിപാടികളിൽ പങ്കെടുത്ത നേതാക്കൾ ഈ കൺവൻഷൻ ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും വലിയതായിരിക്കുമെന്നുള്ള വിശ്വാസം പങ്കിട്ടു. ട്രസ്റ്റി ബോർഡ് ചെയർ ജോജി വർഗീസ്, എക്സി. വൈസ് പ്രസിഡന്റ് പ്രവീൺ തോമസ്, വൈസ് പ്രസിഡന്റ് വിപിൻ രാജ്, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, കൺവൻഷൻ ചെയർ ആൽബർട്ട് കണ്ണമ്പള്ളിൽ, മുൻ പ്രസിഡന്റുമാരായ പോൾ കറുകപ്പള്ളി, ജോർജി വർഗീസ്, കേരളാ കൺവൻഷൻ ചെയർ ജോയി ഇട്ടൻ എന്നിവരോടൊപ്പം ലീല മാരേട്ട്, വർഗീസ് ഉലഹന്നാൻ, സജി പോത്തൻ, ജീമോൻ വർഗീസ്, ആന്റോ വർക്കി, ഫ്രാൻസിസ് കരക്കാട്ടു, കോശി കുരുവിള, മനോജ് മാത്യു, മത്തായി ചാക്കോ, ബിജു ജോർജ് (കാനഡ), ദേവസി പാലാട്ടി, ഷിബുമോൻ മാത്യു എന്നിവരും ചടങ്ങിൽ സജീവമായി പങ്കെടുത്തു.

നോർത്ത് അമേരിക്കൻ മലയാളി സമൂഹത്തിന്റെ ചരിത്രത്തിൽ അമ്പതിലധികം നേതാക്കൾ ഒത്തുചേർന്ന ഒരു സൈനിങ്ങ് സെറിമണി ഇതാദ്യമാണ് എന്നതും, അതിനുശേഷം നടന്ന ആഘോഷങ്ങൾ മിനി കൺവൻഷന്റെ പ്രതീതി ഉണർത്തിയതും ഈ ചടങ്ങിന് മാറ്റ് നൽകി. ഈ മികച്ച വേദിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മുൻപേ തന്നെ മുറികൾ ബുക്ക് ചെയ്യണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. ഈ മഹത്തായ കൺവൻഷൻ ഫൊക്കാനയുടെ പ്രവർത്തന മികവിന്റെ ഏറ്റവും ഉജ്ജ്വല തെളിവായിരിക്കുമെന്ന് നേതാക്കൾ ആവേശത്തോടെ പ്രഖ്യാപിച്ചു.