ശുചിമുറി തകരാറിൽ ഷിക്കാഗോ–ഡൽഹി എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

ഡൽഹി : ഷിക്കാഗോയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം പത്ത് മണിക്കൂറോളം പറന്ന ശേഷം തിരികെ ഷിക്കാഗോയിൽ തന്നെ തിരിച്ചിറങ്ങേണ്ടി വന്നു. വിമാനത്തിലെ ശുചിമുറികൾ തകരാറിലായതിനെ തുടർന്നായിരുന്നു ഈ തീരുമാനം. വിമാന കമ്പനിയുടെ ഔദ്യോഗിക വിശദീകരണം സാങ്കേതിക തകരാറായിരുന്നുവെങ്കിലും, വിമാനത്തിലെ നിരവധി ശുചിമുറികൾ ഉപയോഗയോഗ്യമല്ലാതായതായിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.
ബോയിങ് 777-337 ഇആർ വിഭാഗത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനം ഷിക്കാഗോയിലെ ഒആർഡി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടത് മാർച്ച് ആറിന് ആയിരുന്നു. 340 യാത്രക്കാരെ കൈകാര്യം ചെയ്യാവുന്ന ഈ വിമാനത്തിൽ പത്ത് ശുചിമുറികളാണ് ഉള്ളത്. എന്നാൽ ഒരു ഫസ്റ്റ് ക്ലാസ് ശുചിമുറി ഒഴികെ ബാക്കിയുള്ളവ പ്രവർത്തനക്ഷമമായിരുന്നില്ലെന്ന റിപ്പോർട്ടുകളുണ്ട്.
വിമാനം തിരിച്ചിറങ്ങിയതിനു പിന്നാലെ യാത്രക്കാർക്കായി താമസ സൗകര്യങ്ങൾ ഒരുക്കിയതായി എയർ ഇന്ത്യ വക്താവ് അറിയിച്ചു. യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ വേണ്ട എല്ലാ ബദൽ നടപടികളും എയർ ഇന്ത്യ സ്വീകരിച്ചുവരികയാണ്. യാത്രക്കാർക്ക് ടിക്കറ്റ് റദ്ദാക്കാനുള്ള സൗകര്യം നൽകിയതും പൂർണമായ റീഫണ്ട് നൽകുമെന്ന് ഉറപ്പു നൽകിയതും എയർ ഇന്ത്യ വ്യക്തമാക്കി. അതേസമയം, തങ്ങളുടെ യാത്ര പുനഃക്രമീകരിച്ച് മറ്റൊരു ദിവസത്തിൽ നടത്താനും യാത്രക്കാർക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്.
യാത്രക്കാർക്കും ജീവനക്കാർക്കും സുരക്ഷിതമായ ഇറങ്ങൽ ഉറപ്പാക്കിയത് എയർ ഇന്ത്യയുടെ മുൻഗണനയായിരുന്നുവെന്ന് കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി. അപ്രതീക്ഷിത തിരിച്ചുവരവിന്റെ അസൗകര്യം നേരിട്ട യാത്രക്കാർക്ക് എത്രയും വേഗം ഡൽഹിയിലെത്താനുള്ള എല്ലാ ഒരുക്കങ്ങളും നടത്തികൊണ്ടിരിക്കുകയാണ് എയർ ഇന്ത്യ.