ഇന്ത്യ-ചൈന സഹകരണം അനിവാര്യമെന്ന് ചൈന; ട്രംപിന്റെ താരിഫ് യുദ്ധം മറികടക്കാൻ നീക്കം

ന്യൂഡൽഹി: യുഎസിന്റെ ഉയർന്ന ഇറക്കുമതി തീരുവയെ മറികടക്കുന്നതിനായി ഇന്ത്യയും ചൈനയും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ആഹ്വാനം ചെയ്തു. ബെയ്ജിങിൽ നടന്ന നാഷണൽ പീപ്പിൾസ് കോൺഗ്രസിനു ശേഷമാണ് ട്രംപ് ഭരണകൂടം സ്വീകരിച്ച താരിഫ് നയത്തിന്റെ ദോഷഫലങ്ങൾ തടയാൻ ഏഷ്യയിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകൾ കൈകോർക്കണമെന്ന് ചൈന വ്യക്തമാക്കിയത്.
അമേരിക്കൻ ഇറക്കുമതി തീരുവ 20 ശതമാനമായി ഉയർത്തിയതിനെ തുടർന്നുള്ള പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യ-ചൈന സഹകരണം ശക്തിപ്പെടുത്തണമെന്ന ആവശ്യമാണ് ഉയർന്നിരിക്കുന്നത്. ആധിപത്യത്തെയും അധികാര രാഷ്ട്രീയത്തെയും എതിർക്കുന്നതിനും ആഗോള വ്യാപാരത്തിൽ പുതിയ സമ്മീളനങ്ങൾ രൂപപ്പെടുത്തുന്നതിനും ന്യൂഡൽഹിയും ബെയ്ജിങും കൈകോർക്കണമെന്ന് വാങ് യി പറഞ്ഞു. പരസ്പരം തളർത്തുന്നതിനുപകരം പിന്തുണയ്ക്കുകയും സഹകരണം കൂടുതൽ ഊർജ്ജിതമാക്കുകയും വേണമെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രിയുടെ ആവശ്യം.
ഇന്ത്യ ഈ പ്രസ്താവനയെ കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ കഴിഞ്ഞ നവംബറിനു ശേഷം ഇന്ത്യ-ചൈന നയതന്ത്ര ബന്ധത്തിൽ നിർണായകമായ പുരോഗതിയുണ്ടായതായാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നേരത്തെ വ്യക്തമാക്കിയിരുന്നത്. ജി20 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ ദക്ഷിണാഫ്രിക്കാ സമ്മേളനത്തിൽ വാങ് യിയുമായി നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളെയും ബാധിക്കുന്ന വിവിധ വിഷയങ്ങൾ ചർച്ചയായതായും അദ്ദേഹം സൂചിപ്പിച്ചിരുന്നു. ചൈനയിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസ്, കൈലാസ-മനസസരോവർ തീർത്ഥയാത്ര, അതിർത്തി വിഷയങ്ങൾ എന്നിവ ചർച്ച ചെയ്യപ്പെട്ടതായും വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
യുഎസ് ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച പശ്ചാത്തലത്തിൽ ഇന്ത്യ-ചൈന സാമ്പത്തിക ബന്ധം കൂടുതൽ ഗാഢമാകുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ആഗോള വ്യാപാരലോകം.