
വാഷിംഗ്ടൺ: സുരക്ഷാ കാരണങ്ങളാൽ 23 രാജ്യങ്ങളിലേക്കുള്ള എല്ലാ യാത്രാ പദ്ധതികളും അടിയന്തിരമായി പുനഃപരിശോധിക്കണമെന്ന് അമേരിക്കൻ അധികൃതർ മുന്നറിയിപ്പ് നൽകുന്നു. യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ നിർദേശപ്രകാരം 126 സ്ഥലങ്ങളിലേക്കുള്ള യാത്രകൾക്കുമുന്‍പ് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽ 21 സ്ഥലങ്ങൾ അമേരിക്കക്കാർ ഒഴിവാക്കേണ്ട നിരോധിത മേഖലകളായി അടയാളപ്പെടുത്തിയിട്ടുണ്ട്.
കുറ്റകൃത്യങ്ങൾ, ഭീകരവാദ ഭീഷണി, ആഭ്യന്തര കലാപങ്ങൾ, ആരോഗ്യ പ്രശ്‌നങ്ങൾ, പ്രകൃതി ദുരന്ത സാധ്യത, രാഷ്ട്രീയ അസ്ഥിരത തുടങ്ങിയ വിവിധ അപകടസാധ്യതകളെ കണക്കിലെടുത്താണ് ഈ മുന്നറിയിപ്പ്. ഇതനുസരിച്ച് ഈ പ്രദേശങ്ങളെ നാല് ലെവലുകളായി (1 മുതൽ 4 വരെ) തിരിച്ചിട്ടുണ്ട്.
ലെവൽ 1 വിഭാഗത്തിൽ വരുന്ന രാജ്യങ്ങളിൽ യാത്ര ചെയ്യുമ്പോൾ സാധാരണ മുൻകരുതലുകൾ പാലിക്കണമെന്ന് നിർദ്ദേശിക്കപ്പെടുന്നു. ലെവൽ 2 ഉൾപ്പെടുന്ന സ്ഥലങ്ങളിൽ യാത്ര ചെയ്യുമ്പോൾ കൂടുതൽ ജാഗ്രത ആവശ്യമാണ്. എന്നാൽ, ലെവൽ 3 മുന്നറിയിപ്പുള്ള രാജ്യങ്ങളിലേക്ക് യാത്ര ആലോചിക്കുന്നവർ അതീവ സുരക്ഷാ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും, അതിവിശ്വാസം കാണിക്കരുതെന്നും മുന്നറിയിപ്പ് നൽകുന്നു. ലെവൽ 4 ല്‍ ഉൾപ്പെട്ട 21 രാജ്യങ്ങളിലേക്കുള്ള യാത്രകൾ അമേരിക്കൻ പൗരന്മാർക്ക് പൂര്‍ണമായും ഒഴിവാക്കാനാണ് നിർദേശം.
ലെവൽ 3 വിഭാഗത്തിൽ ഉൾപ്പെടുന്ന 23 രാജ്യങ്ങൾ: ബംഗ്ലാദേശ്, ബുറുണ്ടി, ചാഡ്, കൊളംബിയ, ഈജിപ്ത്, എത്യോപ്യ, ഗ്വാട്ടിമാല, ഗിനിയ-ബിസാവു, ഗയാന, ഹോണ്ടുറാസ്, ജമൈക്ക, മക്ക, മൗറിറ്റാനിയ, മൊസാംബിക്ക്, ന്യൂ കാലിഡോണിയ, നിക്കരാഗ്വ, നൈജർ, നൈജീരിയ, പാകിസ്ഥാൻ, പാപുവ ന്യൂ ഗിനിയ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, ഉഗാണ്ട, വാനുവാട്ടു.
ലെവൽ 4 വിഭാഗത്തിൽ ഉൾപ്പെടുന്ന 21 രാജ്യങ്ങൾ: അഫ്ഗാനിസ്ഥാൻ, ബെലാറസ്, ബുർക്കിന ഫാസോ, മ്യാൻമാർ (ബർമ്മ), മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഹെയ്തി, ഇറാൻ, ഇറാഖ്, ലെബനൻ, ലിബിയ, മാലി, ഉത്തര കൊറിയ, റഷ്യ, സൊമാലിയ, ദക്ഷിണ സുഡാൻ, സുഡാൻ, സിറിയ, ഉക്രെയിൻ, വെനിസ്വേല, യെമൻ.
യാത്രാ സുരക്ഷ ഉറപ്പുവരുത്താൻ ഈ മുന്നറിയിപ്പുകൾ അതീവഗൗരവത്തോടെ പരിഗണിക്കേണ്ടതുണ്ടെന്ന് അധികൃതർ നിർദേശിക്കുന്നു.