
വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ മദേഴ്സ് ആൻഡ് ഫാദേഴ്സ് ഡേ ആഘോഷങ്ങൾ ജൂൺ 7ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഹാളിൽ വച്ച് നടത്തുമെന്ന് സംഘാടകർ അറിയിച്ചു. ഈ ആഘോഷങ്ങളുടെ ഭാഗമായി സമാഹരിക്കുന്ന തുക കേരളത്തിലെ നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹത്തിനായി വിനിയോഗിക്കുമെന്നു പ്രസിഡന്റ് നൈനാൻ മത്തായി അറിയിച്ചു.
കേരളത്തിൽ പിന്നോക്കം നിൽക്കുന്ന 25 നിർധന യുവതീ യുവാക്കളുടെ വിവാഹം നടത്തി കൊടുക്കുക എന്ന മഹത്തായ ജീവകാരുണ്യ പദ്ധതി പ്രൊവിൻസ് ഈ വർഷം ഏറ്റെടുത്തിരിക്കുകയാണ്. ഈ പദ്ധതിയുടെ ഭാഗമായുള്ള സമൂഹവിവാഹം ഒക്ടോബർ 2ന് കേരളത്തിൽ ഗാന്ധിഭവനുമായി സഹകരിച്ചുകൊണ്ടായിരിക്കും നടത്തപ്പെടുക.
മദേഴ്സ് ആൻഡ് ഫാദേഴ്സ് ഡേ ആഘോഷത്തിന്റെ വിജയത്തിനും സമൂഹവിവാഹ പദ്ധതിക്ക് ആവശ്യമായ ധനസമാഹരണത്തിനുമായി ഈ മാസം 2ന് വൈകിട്ട് 4 മുതൽ രാത്രി 9 വരെ പ്രസിഡന്റ് നൈനാൻ മത്തായിയുടെ വസതിയിൽ പ്രത്യേക യോഗം ചേർന്ന് പദ്ധതികളുടെ ഒരുക്കങ്ങൾ അവലോകനം ചെയ്തു.
ജൂൺ 7ന് നടക്കുന്ന ആഘോഷ പരിപാടികളിൽ രാവിലെ 10 മുതൽ 11 വരെ അതിഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതുയോഗവും, 11 മുതൽ ഉച്ചയ്ക്ക് 1 വരെ വിവിധ കലാ-സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും. പ്രോഗ്രാം കോഓർഡിനേറ്റർ അജി പണിക്കർ കലാപരിപാടികളുടെ വിശദവിവരങ്ങൾ യോഗത്തിൽ അവതരിപ്പിക്കുകയും യോഗം ഐക്യഖണ്ഡേന അംഗീകരിക്കുകയും ചെയ്തു. ഉച്ചഭക്ഷണവും എല്ലാവർക്കായും ഒരുക്കിയിട്ടുണ്ട്.
ഫിലഡൽഫിയ പ്രൊവിൻസിന്റെ യോഗത്തിൽ ആദ്യമായി പങ്കെടുത്ത ബിമൽ ജോൺ, ബെൻ തോമസ് മാത്യു, സുജീഷ് എന്നിവരോടൊപ്പം അവരുടെ കുടുംബാംഗങ്ങൾക്കും യോഗം സ്വാഗതം അറിയിച്ചു. അവരുടെ സാന്നിധ്യം പ്രൊവിൻസിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് ശക്തി നൽകുമെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.
കേരളത്തിൽ അവധിയിനത്തിൽ പോയ അവസരത്തിൽ പ്രൊവിൻസ് അംഗങ്ങളായ മറിയാമ്മ ജോർജിന്റെ കുടുംബവും, ബെന്നി മാത്യുവിന്റെ കുടുംബവും, തോമസ് ഡാനിയേലിന്റെ കുടുംബവും, ലീലാമ്മ വറുഗീസും ഗാന്ധിഭവനുമായി ചർച്ചകൾ നടത്തുകയും സമൂഹവിവാഹത്തിന്റെ സംഘാടക പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിൽ സഹായിക്കുകയും ചെയ്തു. ഈ പ്രവർത്തനങ്ങൾക്ക് യോഗത്തിൽ പ്രത്യേകം നന്ദി രേഖപ്പെടുത്തി. വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജനും ഗ്ലോബലും സമൂഹവിവാഹ പദ്ധതിക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതോടൊപ്പം അതിനുള്ള നന്ദിയും യോഗത്തിൽ അറിയിച്ചു.
യോഗത്തിൽ പ്രസിഡന്റ് നൈനാൻ മത്തായി അധ്യക്ഷപ്രസംഗം നിർവഹിച്ചു. ചെയർമാൻ മറിയാമ്മ ജോർജ് ആശംസകൾ അറിയിച്ചു. ജനറൽ സെക്രട്ടറി ലൂക്കോസ് മാത്യു സ്വാഗതവും ട്രഷറർ തോമസ്കുട്ടി വർഗീസ് നന്ദിയും രേഖപ്പെടുത്തി. സമാപന പ്രാർത്ഥനയും സ്നേഹവിരുന്നും അനുയോജ്യമായ അന്തിമമായി യോഗം രാത്രി 9 മണിയോടെ സമാപിച്ചു.