ആത്മഹത്യയെ തുടര്‍ന്ന് പള്ളിക്കവാടത്ത് പ്രതിഷേധം

ഏറ്റുമാനൂര്‍: തൊടുപുഴ ചുങ്കം ചേരിയില്‍ വലിയപറമ്പില്‍ നോബിയുടെ ഭാര്യ ഷൈനി (42)യും മക്കളായ അലീന (11), ഇവാന (10) എന്നിവരും ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ മള്ളൂശ്ശേരി സെയ്ന്റ് തോമസ് ക്നാനായ പള്ളിയില്‍ വിശ്വാസികള്‍ പ്രതിഷേധിച്ചു. സഭാ നേതൃത്വം ഇടപെട്ടിരുന്നെങ്കില്‍ ഇവരുടെ മരണം ഒഴിവാക്കാനാകുമായിരുന്നുവെന്നായിരുന്നു പ്രതിഷേധക്കാര്‍ ഉന്നയിച്ച ആരോപണം.
ഞായറാഴ്ച രാവിലെ കുര്‍ബാനയ്ക്കുശേഷം എട്ടരയോടെയായിരുന്നു പ്രതിഷേധം. ബി.എസ്സി. നഴ്‌സിങ് പഠിച്ച ഷൈനി 12-ഓളം ആശുപത്രികളിൽ ജോലിക്കായി അപേക്ഷിച്ചെങ്കിലും അവസരം ലഭിച്ചില്ല. സഭയുടെ ഇടപെടലിലൂടെ ജോലി ലഭിക്കുമായിരുന്നുവെന്നും കുടുംബപ്രശ്നങ്ങള്‍ പള്ളി മുഖേന പരിഹരിക്കാമായിരുന്നുവെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. ഷൈനിക്കും മക്കള്‍ക്കും നീതി ലഭിക്കാനായില്ലെന്നും ആരും സഹായിക്കാനില്ലെന്നുമാണ് അവരുടെ ദുഃഖം.
മള്ളൂശ്ശേരി സെയ്ന്റ് തോമസ് പള്ളി സംയുക്ത സംഘടനകള്‍, സെയ്ന്റ് തോമസ് കുടുംബയോഗം, ലിജിയന്‍ ഓഫ് മേരി, കെ.സി.സി., കെ.സി.ഡബ്ല്യു.എ., വിന്‍സെന്റ് ഡി പോള്‍ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.