അമേരിക്കന്‍ പൗരത്വത്തിനോ സ്ഥിരതാമസത്തിനോ ഗ്രീന്‍ കാര്‍ഡ് ഉറപ്പല്ല: യുഎസ് വൈസ് പ്രസിഡന്‍റ്

വാഷിംഗ്ടൺ: ഗ്രീന്‍ കാര്‍ഡ് ലഭിച്ചതിന്റെ പേരില്‍ അമേരിക്കയില്‍ അജൈവനാന്തം താമസിക്കാമെന്ന ഉറപ്പൊന്നും കുടിയേറ്റക്കാര്‍ക്ക് വേണ്ടെന്ന് യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസ്. രാജ്യത്ത് സ്ഥിരതാമസത്തിനുള്ള അനുമതി രേഖയായ പെര്‍മനെന്റ് റെസിഡന്റ് കാര്‍ഡിനുളള സുരക്ഷ പരിമിതമാണെന്നും രാഷ്ട്രത്തിൻറെ നയതന്ത്ര താത്പര്യങ്ങള്‍ക്കനുസരിച്ച് അതിൽ മാറ്റങ്ങൾ വരുത്താമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു വ്യക്തി രാജ്യത്തിന് അനിഷ്ടനാണെന്ന് പ്രസിഡന്‍റോ സ്റ്റേറ്റ് സെക്രട്ടറിയോ തീരുമാനിച്ചാല്‍ അദ്ദേഹത്തിന് യുഎസില്‍ തുടരാന്‍ അവകാശമുണ്ടാകില്ല. യുഎസിലെ ജനങ്ങളാണ് സമൂഹത്തില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിക്കേണ്ടത്. അഭിപ്രായ സ്വാതന്ത്ര്യത്തെക്കാള്‍ ദേശീയ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണമെന്ന് വാൻസ് അഭിപ്രായപ്പെട്ടു.
ഇസ്രയേല്‍-ഹമാസ് യുദ്ധത്തെ തുടര്‍ന്ന് കൊളംബിയ സര്‍വ്വകലാശാലയില്‍ പലസ്തീനെ അനുകൂലിച്ച് നടന്ന പ്രതിഷേധം സംബന്ധിച്ചുളള ചര്‍ച്ചയിലാണ് വൈസ് പ്രസിഡന്‍റിന്റെ ഈ പരാമര്‍ശം. ഹമാസ് അനുകൂലിയെന്നാരോപിച്ച് ഗ്രീന്‍ കാര്‍ഡ് ഹോള്‍ഡറായ മഹ്‌മൂദ് ഖലീലിനെ ട്രംപ് ഭരണകൂടം അറസ്റ്റ് ചെയ്തതിനു ശേഷമാണ് ഇക്കാര്യത്തെക്കുറിച്ചുള്ള തര്‍ക്കം ശക്തമായത്. ഖലീലിന്റെ ഗ്രീന്‍ കാര്‍ഡ് റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ സംഭവവികാസങ്ങള്‍ യുഎസിലെ കുടിയേറ്റ നിയമങ്ങള്‍ സംബന്ധിച്ച അതീവ ഗൗരവമായ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിട്ടുണ്ട്.