അരനൂറ്റാണ്ടിന്റെ പാരമ്പര്യത്തിന് പുതുനേരം; ന്യൂയോർക്ക് കേരളാ സമാജം മുൻ പ്രസിഡന്റുമാരുടെ ഫോറം രൂപീകരിക്കുന്നു

ന്യൂയോർക്ക് : ന്യൂയോർക്ക് നഗരത്തിലെ മലയാളി സമൂഹത്തിന്റെ ആത്മാവായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക്, അതിന്റെ അർദ്ധശതാബ്ദി നീണ്ട യാത്രയിലൂടെ രൂപപ്പെട്ട അനേകം ഓർമകളും, ചരിത്രമൊതുക്കിയ മുഹൂർത്തങ്ങളും ഏറ്റുവാങ്ങിയ മുന്‍ പ്രസിഡന്റുമാരുടെ സംഗമം, കഴിഞ്ഞദിവസം നടന്നത് അപൂർവ്വവും ആഴമുള്ളതുമായ അനുഭവമായി.

1972-ൽ സ്ഥാപക പ്രസിഡന്റ് ആയിരുന്ന പ്രൊഫ. ഡോ. ജോസഫ് ചെറുവേലി മുതൽ 2024-ലെ നിലവിലെ പ്രസിഡന്റ് സിബി ഡേവിഡ് വരെ സേവനമനുഷ്ഠിച്ച നേതാക്കളിൽ മരണപ്പെട്ടവരും മറ്റു സംസ്ഥാനങ്ങളിലേക്കു കുടിയേറിയവരുമായ കുറെ പേരൊഴികെ ഭൂരിഭാഗം മുൻ പ്രസിഡന്റുമാർ ഒത്തു ചേർന്നപ്പോൾ, അതൊരു ചരിത്ര നിമിഷമായിത്തീരുകയായിരുന്നു.

ഈ വലിയ സ്ഥാപനത്തിന്റെ വളർച്ചക്കായി സുതാര്യമായ നയപരമായ ദിശയും, സമൂഹത്തോട് ഉള്ള സമർപ്പണവും കൊണ്ട് തിളങ്ങിയ മുന്‍ പ്രസിഡന്റുമാരെ ആദരിക്കാനും അവരുടെ സൗഹൃദവും സേവനമനുഭവങ്ങളും ആധാരമാക്കി പുതിയ തലമുറയ്ക്ക് ദിശനൽകാനുമായി ‘പ്രസിഡന്റ്സ് ഫോറം’ എന്ന സംരംഭം രൂപപ്പെടുത്താനുള്ള തീരുമാനമാണ് ഈ സംഗമത്തിൽ പിറവിയെടുത്തത്. നിലവിലെ പ്രസിഡന്റ് സജി എബ്രഹാമിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ഈ ഉദ്ദേശത്തിന് തുടക്കം കുറിച്ചത്.
യോഗത്തിൽ സജി എബ്രഹാം അധ്യക്ഷത വഹിച്ചു. സെക്രട്ടറി മാത്യുക്കുട്ടി ഈശോ സ്വാഗതം ആശംസിച്ചു. ട്രസ്റ്റീ ബോർഡ് ചെയർമാൻ വിൻസെന്റ് സിറിയക്ക്, ട്രഷറർ വിനോദ് കെയാർക്കെ, വൈസ് പ്രസിഡന്റ് ബെന്നി ഇട്ടിയേറ എന്നിവരും മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളുമൊത്ത് ആലോചനയ്ക്കു നേതൃത്വം നൽകി. സഭയുടെ മുൻകാലങ്ങളിൽ സേവനമനുഷ്ഠിച്ചുവെങ്കിലും ഈ ലോകത്ത് ഇല്ലാത്തവരുടെ ഓർമ്മക്കായി, യോഗം മൗനാഞ്ജലിയോടെ ആരംഭിച്ചു.
സംഘടനയുടെ ഭാവിയെ നവീകരിക്കുകയും, സംഘടനയുടെ അഴിമതിയില്ലായ്മ ഉറപ്പുവരുത്തിയും, പഴയ തലമുറയുടെ പരിണിതത്വം പ്രവൃത്തികളിലേക്ക് കയറ്റിവെക്കുന്നതിനും ‘പ്രസിഡന്റ്സ് ഫോറം’ നിർണായകമാകും എന്ന് പ്രസിഡന്റ് സജി എബ്രഹാം തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി. പ്രസിഡന്റുമാരായി സേവനമനുഷ്ഠിച്ചതിനു ശേഷം പലരും സംഘടനയിൽ നിന്നും വിട്ടുനിൽക്കുന്ന പ്രവണതയ്ക്ക് വിരാമം കുറിക്കാനുള്ള ശ്രമമാണ് ഈ ഫോറം.
യോഗത്തിൽ പങ്കെടുത്ത മുന്‍ പ്രസിഡന്റുമാരായ പ്രൊഫ. ജോസഫ് ചെറുവേലിൽ (1972), ബാബു പി തോമസ് (1987), ചെറിയാൻ പാലത്തറ (1991), ഷാജു സാം (1994, 2017), ജോസ് ചുമ്മാർ (2002), പ്രിൻസ് മാർക്കോസ് (2003), ലീലാ മാരേട്ട് (2004), ചാക്കോ കോയിക്കലത്ത് (2005), പോൾ കറുകപ്പിള്ളിൽ (2007), വർഗ്ഗീസ് പോത്താനിക്കാട് (2008, 2018), വിനോദ് കെയാർക്കെ (2009), വിൻസെന്റ് സിറിയക്ക് (2010, 2019, 2020), സണ്ണി പണിക്കർ (2011), വർഗ്ഗീസ് ലൂക്കോസ് (2013), തോമസ് ശാമുവേൽ (2015), ഡോ. ജേക്കബ് തോമസ് (2016), വർഗ്ഗീസ് കെ ജോസഫ് (2021), പോൾ പി ജോസ് (2022), ഫീലിപ്പോസ് കെ ജോസഫ് (2023), സിബി ഡേവിഡ് (2024) എന്നിവർ പുതിയ നീക്കം അഭിനന്ദിച്ചു.
കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനവും വിഷു-ഈസ്റ്റർ ആഘോഷവും മെയ് 3-ാം തീയതി ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഫ്ലോറൽ പാർക്കിലെ ടൈസൺ സെന്ററിൽ വെച്ച് നടക്കും. അതോടൊപ്പംതന്നെ ‘പ്രസിഡന്റ്സ് ഫോറം’ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടും.
കൂടുതൽ വിവരങ്ങൾക്ക്: സജി എബ്രഹാം (പ്രസിഡന്റ്): 917-617-3959 മാത്യുക്കുട്ടി ഈശോ (സെക്രട്ടറി): 516-455-8596 വിനോദ് കെയാർക്കെ (ട്രഷറർ): 516-633-5208