ആഡംബര ലൈംഗിക ഇടപാടുകൾ: പ്രമുഖ ഇന്ത്യൻ സംരംഭകൻ യുഎസിൽ അറസ്റ്റിൽ

ന്യൂയോർക്ക് : ന്യൂയോർക്കിൽ ആഡംബര അനാശാസ്യപ്രവർത്തനവുമായി ബന്ധപ്പെട്ട് ഇന്ത്യൻ വംശജനായ അനുരാഗ് ബാജ്പെയിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബോസ്റ്റണിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ബോസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്ലീൻ വാട്ടർ സ്റ്റാർട്ടപ്പായ ഗ്രേഡിയന്റിന്റെ സിഇഒയുമായ അനുരാഗ്, ആഡംബര അപ്പാർട്മെന്റുകളിലൂടെ നടന്ന ലൈംഗിക ഇടപാടുകളിൽ പങ്കാളിയാണെന്നാണ് അന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കുറ്റപത്രം പ്രകാരം, അനുരാഗ് ബാജ്പെയി പല പ്രാവശ്യം ഈ അപ്പാർട്മെന്റുകൾ സന്ദർശിച്ചിരുന്നുവെന്നും, യുവതികൾക്കായി വലിയ തുക ചെലവഴിച്ചിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. മണിക്കൂറിന് ഏകദേശം 600 ഡോളർ (ഏകദേശം 51,700 രൂപ) വരെ ചിലവഴിക്കുന്ന ‘ഹൈ പ്രൊഫൈൽ’ ക്ലയന്റുകളുടെ പട്ടികയിൽ അനുരാഗിന്റെ പേരും ഉൾപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ബോസ്റ്റൺ പ്രദേശത്തെ കോടതി രേഖകളിൽ നിരവധി വ്യക്തികളുടെ പേരുകളോടൊപ്പം അനുരാഗിന്റെ പേരും ഉൾപ്പെട്ടിരിക്കുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അറസ്റ്റ് നടപ്പാക്കിയതോടെ, ഗ്രേഡിയന്റ് കമ്പനി അനുരാഗിനെ അനുകൂലിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. നിയമവ്യവസ്ഥയിലും നീതിയിലും തങ്ങൾ വിശ്വസിക്കുന്നുവെന്നും, സാഹചര്യങ്ങൾ അനുരാഗിന് അനുകൂലമായി മാറുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
ലക്നൗവിലെ ലാ മാർട്ടിനിയർ കോളജിൽ നിന്നും വിദ്യാഭ്യാസം ആരംഭിച്ച അനുരാഗ്, 2006ൽ മിസോറി-കൊളംബിയ സർവകലാശാലയിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. തുടർന്ന് 2008ൽ എംഐടിയിൽ നിന്നും എംഎസ്‌സിയും 2012ൽ ഡോക്ടറേറ്റും നേടിയിരുന്നു. ജല ശുദ്ധീകരണ സാങ്കേതികവിദ്യയിൽ വിദഗ്ധനായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയായിരുന്നു അനുരാഗ്.