ട്രംപിന്റെ ഉത്തരവിൽ നിരീക്ഷണ വിധേയമായ ഡിഐഇ പ്രോഗ്രാമുകൾ അവസാനിപ്പിച്ചു: നീല രാജേന്ദ്രയെ നാസയിൽനിന്ന് പുറത്താക്കി

വാഷിംഗ്ടൺ: ഇന്ത്യൻ വംശജയുമായ നീല രാജേന്ദ്രയെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ എക്സിക്യൂട്ടിവ് ഉത്തരവിന്റെ അടിസ്ഥാനത്തിൽ പുറത്താക്കിയതായി അമേരിക്കൻ ബഹിരാകാശ ഗവേഷണ സ്ഥാപനം നാസ അറിയിച്ചു. നാസയുടെ ഡൈവേഴ്സിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ (ഡിഐഇ) വിഭാഗത്തിന് മേൽനോട്ടം വഹിച്ചിരുന്ന നീല രാജേന്ദ്രയെ, നികുതിദായകരുടെ പണം പാഴാക്കുകയും വിവേചനത്തിന് വാതായനം തുറക്കുകയും ചെയ്യുന്ന പരിപാടികളിൽ പ്രവർത്തിച്ചതിന്റെ പേരിലാണ് പുറത്താക്കിയത്.
ട്രംപിന്റെ പുതിയ ഉത്തരവ് ഡിഐഇ പോലുള്ള പദ്ധതികൾ യു.എസ് പൗരന്മാരെ വംശം, വർണം, ലിംഗഭേദം തുടങ്ങിയ വ്യത്യാസങ്ങൾ അടിസ്ഥാനമാക്കി വേർതിരിക്കുന്നതായി ചൂണ്ടിക്കാട്ടുന്നു. ഇത്തരം പരിപാടികൾ നികുതിദായകരുടെ പണം ദുരുപയോഗം ചെയ്യുന്നതാണ് എന്നും രാജ്യത്തെ ഐക്യത്തിനും മൗലികവുമായ മൂല്യങ്ങൾക്കും ഹാനികരമാണെന്നും ചൂണ്ടിക്കാട്ടിയാണ് നീല രാജേന്ദ്രയെ പുറത്താക്കുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിച്ചത്.
എല്ലാ സർക്കാർ ഏജൻസികളിലും ഈ വിധത്തിലുള്ള പ്രോജക്ടുകളും ചുമതലയും അവസാനിപ്പിക്കണമെന്ന ട്രംപിന്റെ നിർദ്ദേശപ്രകാരം, മുമ്ബേ മാർച്ചിൽ നാസ അവരുടെ ഡിഐഇ ഡിപ്പാർട്ട്മെന്റിന്റെ പ്രവർത്തനം ഔദ്യോഗികമായി അവസാനിപ്പിച്ചിരുന്നു. എന്നാൽ, അതിനുശേഷവും നീല രാജേന്ദ്ര ‘ഓഫിസ് ഓഫ് ടീം എക്സലൻസ് ആൻഡ് എംപ്ലോയി സക്സസ്’ എന്ന പുതിയ തസ്തികയിൽ പ്രവർത്തനം തുടരുകയായിരുന്നു. മാർച്ച് 10ന് അതിന്റെ ഔദ്യോഗിക അറിയിപ്പ് നാസ ജീവനക്കാർക്ക് നൽകിയിരുന്നു.
എങ്കിലും, ഏപ്രിൽ 20ന് നിർണായകമായ ഒരു ആന്തരിക തീരുമാനം മുഖേന, നീല രാജേന്ദ്രയെ എല്ലാ ചുമതലകളിൽ നിന്നുമുള്ള ഒഴിവാക്കൽ പ്രഖ്യാപിച്ച് നാസ, അവരുടെ ജോലിയുമായി ബന്ധപ്പെട്ട ജീവനക്കാരെ വിവരം അറിയിച്ചു.
യു.എസ് ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾക്കൊത്ത് പൊരുത്തപ്പെടുന്ന സമീപനം പിന്തുടരാൻ ഇനി സംസ്ഥാന ഏജൻസികൾ ബാധ്യതയുള്ളതാകുമെന്നും, അടിസ്ഥാനാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനും വിവേചനം ഒഴിവാക്കുന്നതിനുമുള്ള നിലപാടാണ് അമേരിക്ക സ്വീകരിക്കുന്നതെന്നും ട്രംപ് ഭരണകൂടം വാദിക്കുന്നു.