അമേരിക്ക റീജണിൽ വേൾഡ് മലയാളി കൗൺസിലിന് പുതിയ നേതൃത്വം

ന്യൂജേഴ്സി: അമേരിക്കൻ റീജണിൽ വേൾഡ് മലയാളി കൗൺസിലിന് പുതിയ നേതൃത്വം തിരഞ്ഞെടുത്തു. ഡാലസ് പ്രൊവിൻസിൽ നിന്നുള്ള ഷിബു സാമുവേൽ ചെയർമാനായപ്പോൾ, ഫ്ലോറിഡാ പ്രൊവിൻസിലെ ബ്ലെസൺ മണ്ണിലിനെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കനക്ടിക്കറ്റിലെ മഞ്ജു നെല്ലിവീട്ടിൽ ജനറൽ സെക്രട്ടറിയായി, വാഷിങ്ടണിലെ മോഹൻ കുമാർ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടു.
അമേരിക്കൻ റീജനിൽ പത്ത് പ്രൊവിൻസുകൾ പ്രവർത്തിക്കുന്നു. ഗ്ലോബൽ ഇലക്ഷൻ കമ്മീഷണർ ഡോ. സൂസൻ ജോസഫ് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് ഫലത്തിൽ, ഓരോ പദവിയിലേക്കും ഏക നോമിനേഷനുകളേ ലഭിച്ചിരുന്നുള്ളൂ. അതുകൊണ്ടുതന്നെ എതിരില്ലാതെ ഇവരെ തിരഞ്ഞെടുത്തതായി ഡോ. സൂസൻ പറഞ്ഞു. രണ്ട് വർഷമാണ് പുതിയ ഭാരവാഹികളുടെ കാലാവധി.
വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ തലത്തിലുള്ള നേതാക്കൾ പുതിയ ഭാരവാഹികളെ അഭിനന്ദിച്ചു. ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ, സെക്രട്ടറി ജനറൽ ദിനേശ് നായർ, ട്രഷറർ ഷാജി മാത്യു, അഡ്മിൻ വൈസ് പ്രസിഡന്റ് ജെയിംസ് കൂടൽ, വൈസ് പ്രസിഡന്റ് ഡോ. തങ്കം അരവിന്ദ് എന്നിവർ പങ്കെടുത്തു.
ജൂലൈ 25 മുതൽ മൂന്ന് ദിവസത്തേക്ക് ബാങ്കോക്കിൽ നടക്കുന്ന പതിനാലാമത് ആഗോള ദ്വിവത്സര സമ്മേളനത്തിൽ, അമേരിക്കൻ റീജനിൽ നിന്നുള്ള സജീവ പങ്കാളിത്തം അനിവാര്യമാണെന്ന് സമ്മേളന സംഘാടന സമിതി ചെയർമാൻ ഡോ. ബാബു സ്റ്റീഫൻ അഭ്യർത്ഥിച്ചു.
1995-ൽ അമേരിക്കയിലെ ന്യൂജേഴ്സിയിൽ ടി. എൻ. ശേഷൻ, കെ. പി. പി. നമ്പ്യാർ, ഡോ. ബാബു പോൾ, ഡോ. ടി. ജി. എസ്. സുദർശൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ രൂപം കൊണ്ട വേൾഡ് മലയാളി കൗൺസിൽ, ഇന്ന് അമ്പതിലേറെ രാജ്യങ്ങളിൽ ശാഖകളുള്ള ശക്തമായ ആഗോള പ്രവാസി മലയാളി പ്രസ്ഥാനമായി വളർന്നു.