ഇന്ത്യയെ ഹൃദയത്തിൽ സൂക്ഷിച്ച സ്നേഹധർമിയുടെ യാത്ര: സിസ്റ്റർ മേരി അക്വിനാസ് അന്തരിച്ചു

ഫിലാഡൽഫിയ: നാലു പതിറ്റാണ്ടിലധികം ഇന്ത്യയിലെ രോഗികൾക്കായി ആത്മാർത്ഥമായി സേവനം ചെയ്ത അമേരിക്കൻ നഴ്സിംഗ് അധ്യാപിക സിസ്റ്റർ മേരി ഹാമിൽട്ടൺ (സിസ്റ്റർ മേരി അക്വിനാസ് എംഎംഎസ്) ഫിലാഡൽഫിയയിൽ അന്തരിച്ചു. ഇന്ത്യൻ നഴ്സുമാരുടെ ഹൃദയം കീഴടക്കിയ സ്നേഹധർമ്മിനി ഒരിക്കൽ കൂടി ഇന്ത്യയിലേക്ക് വരണമെന്ന വലിയ മോഹം ഹൃദയത്തിൽ പാകിയിട്ടാണ് നിസ്സംഗമായി യാത്രയായത്.

1950-കളിലെ ആദ്യകാലത്ത് മിഷനറി പ്രവർത്തനത്തിനായി ഇന്ത്യയിലെത്തിയ സിസ്റ്റർ മേരി അക്വിനാസ്, കേരളത്തിലെ ഭരണങ്ങാനം, തമിഴ്നാട്ടിലെ കൊടൈക്കനാൽ, ഡൽഹി, ബീഹാർ തുടങ്ങിയ സ്ഥലങ്ങളിൽ 43 വർഷത്തോളം ആത്മാർത്ഥമായി സേവനം നിർവഹിച്ചു. പാശ്ചാത്യ നഴ്സിംഗ് രീതികളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളെ പരിശീലിപ്പിച്ച ഈ അധ്യാപികക്ക് മലയാളികളോട് ഉണ്ടായിരുന്ന സ്‌നേഹബന്ധം വിസ്മയിപ്പിക്കാവുന്നതാണ്.
നഴ്‌സിങ് മേഖലയിലെ ഊർജസ്വലതയും അർപ്പണബോധവും സിസ്റ്റർ മേരിയെ ആകർഷിച്ചിരുന്നു. അവർക്ക് പിയാനോയും സംഗീതവും ഏറെ ഇഷ്ടമായിരുന്നു. ഇപ്പോൾ അമേരിക്കയിൽ കഴിയുന്ന നിരവധി മുൻ വിദ്യാർത്ഥികളിൽ പ്രമുഖയായ ബ്രിഡ്ജറ്റ് വിൻസന്റ് അടക്കമുള്ളവരൊക്കെ സിസ്റ്ററിന്റെ ജീവിതത്തിൽ ഏറ്റവുമേറെ സ്വാധീനം നേടിയവരാണ്. ഹോളി ഫാമിലി മെഡിക്കൽ മിഷൻ ഇൻ ഇന്ത്യയുടെ അലുമ്നായി പ്രസിഡന്റ് ആഗ്നസ് മാത്യു (ഷിക്കാഗോ) അദ്ദേഹത്തിന്റെ വേർപാടിൽ ദു:ഖം രേഖപ്പെടുത്തി.
ഇന്ത്യയുടെ നന്മകളും ഓർമ്മകളും സിസ്റ്ററുടെ വിശ്രമജീവിതത്തെയും സമ്പന്നമാക്കി. ഇന്ത്യയിൽ ഒപ്പം സേവനം ചെയ്ത സിസ്റ്റർ കാരൾ ഹസും ഇപ്പോൾ ഫിലഡൽഫിയയിലാണ്. 38 വർഷം ഇന്ത്യയിൽ ജീവിച്ച സിസ്റ്റർ കാരളിന് കേരളവും ഇന്ത്യയും എന്നെന്നേക്കുമായി മനസ്സിൽ മധുരമായ ഓർമ്മകളായി പതിഞ്ഞിരിക്കുന്നു. ഒരിക്കൽ കൂടി കേരളം സന്ദർശിക്കണമെന്ന ആഗ്രഹം ഇന്നും അവർക്കുണ്ട്.
ഫിലഡൽഫിയയിലെ സാമൂഹിക രംഗത്തും ആരോഗ്യ രംഗത്തും സജീവമായി ഇടപെട്ടിരുന്ന ഇവരുടെ ഓർമകളിൽ കേരളം എന്നും ഒന്നാമതായിരുന്നു. ഇന്ത്യക്ക് അവർ നൽകിയതിനെക്കാൾ കൂടുതൽ ഇന്ത്യ സിസ്റ്റർ മേരി അക്വിനാസിന് നൽകിയതായിരുന്നു – സ്‌നേഹവും ആത്മസന്തോഷവും.
സിസ്റ്റർ മേരി അക്വിനാസ് ഹാമിൽട്ടണിന്റെ സംസ്കാരശുശ്രൂഷ 2025 ഏപ്രിൽ 22-ന് ചൊവ്വാഴ്ച ഫിലഡൽഫിയയിലെ മെഡിക്കൽ മിഷൻ സിസ്റ്റേഴ്സ് ചാപ്പലിൽ നടക്കും. രാവിലെ 8:45-ന് ഭൗതികശരീരം ചാപ്പലിൽ എത്തിക്കും. 9:00-ന് അനുസ്മരണ പ്രാർത്ഥനയും തുടർന്ന് 10:30-ന് റവ. ബർണാർഡ് ഫാർലി കാർമികത്വത്തിൽ സംസ്കാര ദിവ്യബലിയുമാണ് നടത്തപ്പെടുക.
ഇന്ത്യയെ ഹൃദയത്തിൽ സൂക്ഷിച്ച ഒരു ജീവതാനത്തിന്റെ യാത്രക്ക് ഹൃദയംഗമമായ നമസ്കാരം.