
കാലിഫോർണിയ : കാലിഫോർണിയയിലെ ലാ ക്വിന്റയിലെ സ്വകാര്യ ഗോൾഫ് ക്ലബ്ബിലുണ്ടായ ദാരുണമായ അപകടത്തിൽNFLയിലെ പ്രശസ്ത കരാർ ഉപദേഷ്ടാവും ജോൺ എൽവേയുടെ മുൻ ഏജന്റും ബിസിനസ് പങ്കാളിയുമായ ജെഫ് സ്‌പെർബെക്ക് (62) മരിച്ചിരിക്കുന്നു.
ശനിയാഴ്ച രാത്രി മാഡിസൺ ക്ലബ്ബിൽ ജോൺ എൽവേ ഓടിച്ചിരുന്ന ഗോൾഫ് കാർട്ടിന്റെ പിന്നിൽ നിന്ന് വീണ സ്‌പെർബെക്ക് തലയിടിച്ചുണ്ടായ ഗുരുതര പരിക്കുകളേ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. 911 എന്ന നമ്പരിൽ വിളിച്ചതിനെ തുടർന്ന് പാരാമെഡിക്കൽ സംഘം സ്ഥലത്തെത്തി. ശ്വസിച്ചിരുന്നെങ്കിലും അബോധാവസ്ഥയിലായിരുന്ന അദ്ദേഹത്തെ പാം സ്‌പ്രിംഗ്സ് മെഡിക്കൽ സെന്ററിലേക്കു മാറ്റി, ലൈഫ് സപ്പോർട്ട് നൽകി. പിന്നീട് ബുധനാഴ്ച പുലർച്ചെ 1:10ന് ഡെസേർട്ട് റീജിയണൽ മെഡിക്കൽ സെന്ററിൽ വെച്ച് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കപ്പെട്ടു.
ജോൺ എൽവേയ്‌ക്കൊപ്പം 1990ൽ സ്ഥാപിച്ച 7Cellars വൈനറിയിലെ ചീഫ് എക്‌സിക്യൂട്ടീവ് ആയിരുന്നു സ്‌പെർബെക്ക്. NFL കരാർ ഉപദേഷ്ടാവായി 30 വർഷത്തിലധികം പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം 100-ലധികം താരങ്ങളെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2001 മുതൽ 2009 വരെ ഒക്ടഗൺ സ്പോർട്‌സ് എജൻസിയുടെ ഫുട്ബോൾ ഡിവിഷൻ ഡയറക്ടറായിരുന്നു. പിന്നീട് 2010ൽ ‘ദി നോവോ ഏജൻസി’ എന്ന കമ്പനിയും അദ്ദേഹം സ്ഥാപിച്ചു.
സംഭവത്തെക്കുറിച്ച് റിവർസൈഡ് കൗണ്ടി ഷെരീഫ് ഓഫീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. വിശദാംശങ്ങൾ ലഭ്യമല്ലെന്നും അന്വേഷണം തുടരുകയാണെന്നുമാണ് അധികൃതരുടെ നിലപാട്.