പാക്ക് കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ പ്രവേശനമില്ല

ന്യൂഡല്‍ഹി: ഇന്ത്യയുടെ സമുദ്ര താല്‍പര്യങ്ങള്‍ക്കും ദേശീയ സുരക്ഷയ്ക്കുമായി പാക്കിസ്ഥാനുമായി ബന്ധപ്പെട്ട ചരക്കുകപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ ഇനി പ്രവേശനം അനുവദിക്കില്ല. മെര്‍ച്ചന്റ് ഷിപ്പിങ് നിയമത്തിലെ 411ാം വകുപ്പ് അടിസ്ഥാനമാക്കി തുറമുഖ, ജലപാത, ഷിപ്പിംഗ് മന്ത്രാലയം നല്‍കിയ നിര്‍ദേശപ്രകാരമാണ് പുതിയ നടപടി.
പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന്, പാകിസ്ഥാനില്‍ നിന്നുള്ള എല്ലാ ഇറക്കുമതികളും ഇന്ത്യ നേരത്തെ നിരോധിച്ചിരുന്നു. ഈ നിലപാടിന്റെ ഭാഗമായാണ് ഇപ്പോള്‍ കടല്‍ ഗതാഗതത്തിലും നിയന്ത്രണം കൊണ്ടുവന്നത്.

ഇന്ത്യന്‍ കപ്പലുകള്‍ പാക്കിസ്ഥാനിലെ തുറമുഖങ്ങളില്‍ പ്രവേശിക്കരുതെന്നും കേന്ദ്രം വ്യക്തമാക്കി. പാക്കിസ്ഥാന്റെ പതാകയേറിയ കപ്പലുകള്‍ ഇനി ഇന്ത്യന്‍ തീരദേശത്തു പ്രവേശിക്കാനാവില്ല. ഈ ഉത്തരവ് ഉടനടി പ്രാബല്യത്തില്‍ വരും, പുതിയ അറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്നും അറിയിപ്പില്‍ പറയുന്നു.
ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം രൂക്ഷമായ പശ്ചാത്തലത്തിലാണ് ഇന്ത്യ കഠിന നിലപാട് സ്വീകരിച്ചത്.