ദൈവമഹത്വത്തിന്റെ അനുഭവമായി മലങ്കര അതിഭദ്രാസന ഫാമിലി കോൺഫറൻസ്

വാഷിങ്ടൺ : അമേരിക്കൻ മലങ്കര യാക്കോബായ സുറിയാനി സഭയുടെ 36-ാമത് യൂത്ത്-ഫാമിലി കോൺഫറൻസ് ജൂലൈ 16 മുതൽ 19 വരെ വാഷിങ്ടൺ ഡിസിയിലെ ഹിൽട്ടൺ വാഷിങ്ടൺ ഡ്യൂ ലെസ് എയർപോർട്ട് ഹോട്ടലിൽ നടക്കും. ‘വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും’ എന്ന യോഹന്നാൻ 11:40 വചനാധിഷ്ഠിതമായ ചിന്താവിഷയം ആസ്പദമാക്കിയുള്ള സമ്മേളനം ആധ്യാത്മികതക്കും ഐക്യത്തിനും പ്രാധാന്യം നൽകുന്നു.
സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മാർ ബസ്സേലിയോസ് ജോസഫ് ബാവയുടെ സാന്നിധ്യം ഇത്തവണത്തെ സമ്മേളനത്തെ മറ്റൊന്നുമില്ലാത്ത രീതിയിൽ വിശിഷ്ടമാക്കുന്നു. അങ്കമാലി ഭദ്രാസനത്തിലെ മുവാറ്റുപുഴ റീജൻ മെത്രാപ്പൊലീത്തായ മാത്യൂസ് മാർ അന്തീമോസ്, ആർച്ച് ബിഷപ്പ് മാർ ജോസഫ് ബാലി, കോപ്റ്റിക് ചർച്ചിൽ നിന്നുള്ള യുവത്മാവായ റവ. ഫാ. എലീജാ എസ്തെഫാനോസ്, സിറിയക്ക് ഓർത്തഡോക്സ് സഭയുടെ ചരിത്ര ഗവേഷകയായ ഡോ. സാറാ നൈററ് തുടങ്ങിയവരും വിശിഷ്ടാതിഥികളായി പങ്കെടുക്കും.
സഭയുടെ അപ്പോസ്തോലിക പാരമ്പര്യവും ചരിത്രപരവും ആത്മീയവുമായ മാർഗ്ഗബോധനങ്ങളും ഉൾക്കൊള്ളുന്ന പഠന ക്ലാസ്സുകൾ കോൺഫറൻസിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ, വിവിധ മേഖലകളിൽ മികവ് തെളിയിച്ച അംഗങ്ങളെ ആദരിക്കുന്ന എക്സലൻസ് അവാർഡ് നിശയും സംഘടിപ്പിക്കുന്നുണ്ട്.
ഭദ്രാസനാധിപൻ യെൽദൊ മാർ തീത്തോസ് മെത്രാപ്പൊലീത്തായുടെ മേൽനോട്ടത്തിലും ജനറൽ കൺവീനർമാരായ റവ. ഫാ. ഡോ. ജെറി ജേക്കബിനും ജോജി കാവനാലിനും നേതൃത്വം വഹിക്കുന്ന സംഘത്തിന്റെ സംവിധാനത്തിലും ഒരുക്കങ്ങൾ ഊർജസ്വലമായി പുരോഗമിക്കുകയാണ്.
ഈ കൗമാരവും കുടുംബരംഗവും ചേരുന്ന സമ്മേളനം ആത്മീയമായ പുതുഅനുഭവത്തിനും സഭാ ഐക്യത്തിനും വാതായനമാവും.