യുഎഇ കാനഡയെയും യുഎസിനെയും മറികടന്നു: മനുഷ്യജീവിതത്തിനായുള്ള മികച്ച രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടു

അബുദാബി : മധ്യപൂർവദേശത്തും അറബ് ലോകത്തും താമസിക്കാൻ ഏറ്റവും അനുയോജ്യമായ രാജ്യമായി യുഎഇ ഉയർന്നതായി ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട് പറയുന്നു. ‘യുഎൻ മനുഷ്യശേഷി വികസന സൂചിക 2025’ പ്രകാരം യുഎഇ 15-ാം സ്ഥാനത്ത് എത്തിയപ്പോൾ കാനഡ, യുഎസ്, ന്യൂസീലൻഡ് പോലുള്ള രാജ്യങ്ങളെക്കാളും മുന്നിൽ നിൽക്കുകയാണ്. കഴിഞ്ഞ വർഷത്തേക്കാൾ എട്ട് സ്ഥാനമേറിയതാണ് ഇത്തവണത്തെ നേട്ടം.
ജീവിതനിലവാരം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ റാങ്കിങ്. സൗദി, ഖത്തർ, ഒമാൻ, കുവൈത്ത് തുടങ്ങിയ അറബ് രാജ്യങ്ങളും മുന്നോട്ടാണ് പോവുന്നത്. 1990ൽ 0.713 ആയിരുന്ന യുഎഇയുടെ സ്കോർ 2023ൽ 0.940 ആയി ഉയർന്നിട്ടുണ്ട്.
കൃത്രിമബുദ്ധിയിൽ (AI) കഴിവുള്ള വിദഗ്ധരെ ആകർഷിക്കുന്നതിലും യുഎഇ മുന്നിലാണ്. ലക്സംബർഗ്, സ്വിറ്റ്സർലൻഡ് എന്നിവയ്ക്ക് ശേഷം ലോകത്തിൽ മൂന്നാമതാണ് യുഎഇ. അറബ് രാജ്യങ്ങളിലെയും മധ്യപൂർവദേശത്തെയും മുൻപന്തിയിലായും യുഎഇ തുടരുകയാണ്.
ആർഭാട നയമല്ല, ശിശുക്കളിലും കൃത്രിമബുദ്ധി പഠനം ആരംഭിച്ച് അടിയുറച്ച മുന്നേറ്റമാണ് യുഎഇ സ്വീകരിച്ചിരിക്കുന്നത്. നാല് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് എഐ പഠനം സർക്കാർ സ്കൂളുകളിൽ നിർബന്ധമാക്കിയിട്ടുണ്ട്. 2024-ൽ ഏറ്റവും കൂടുതൽ എഐ നിക്ഷേപം നടന്നത് യുഎസിലാണെങ്കിലും, മധ്യപൂർവദേശത്തും വളർച്ച സ്ഥിരമാണ്.