യുഎസ്-ചൈന തീരുവ തര്‍ക്കം അവസാനിക്കാന്‍ സമാനധാരണയിലേക്ക്

ന്യൂഡല്‍ഹി: ആഗോള ശ്രദ്ധ നേടുന്ന യുഎസ്-ചൈന തീരുവ തര്‍ക്കം അവസാനിക്കാന്‍ ദൗത്യപ്രാധാന്യമുള്ള ചര്‍ച്ചകള്‍ നടന്നതായി സൂചന. കഴിഞ്ഞ മാസം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൈനീസ് ഇറക്കുമതികള്‍ക്ക് 145 ശതമാനം തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ, ചൈനയും 125 ശതമാനം തീരുവ ഏര്പ്പെടുത്തി ശക്തമായ മറുപടി നല്‍കിയിരുന്നു.
ഇതോടെ വ്യാപാരബന്ധങ്ങള്‍ തളര്‍ന്ന പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളും ശനിയാഴ്ചമുതല്‍ തര്‍ക്കപരിഹാര ചര്‍ച്ചകള്‍ ആരംഭിച്ചത്. സ്വിറ്റ്സര്‍ലന്‍ഡിലെ ഒരു അംബാസഡറുടെ വസതിയില്‍ നടന്ന രഹസ്യചര്‍ച്ചകളില്‍ യുഎസും ചൈനയും പങ്കെടുത്തു. ചര്‍ച്ചയില്‍ ഏകദേശ ധാരണയുണ്ടായെന്നും, ഉടന്‍ തന്നെ ഔദ്യോഗിക അറിയിപ്പ് പുറത്തുവരാനാണുള്ള സാധ്യതയെന്നും വിവരം.
ചര്‍ച്ചകള്‍ സൗഹാര്‍ദപരമായിരുന്നുവെന്ന് ചൈനീസ് ഉപപ്രധാനമന്ത്രി ഹീ ലിഫെങ് പ്രതികരിച്ചു. സാമ്പത്തിക യുദ്ധം തുടരാന്‍ ചൈനയ്ക്ക് താല്‍പര്യമില്ലെന്നും, എന്നാൽ ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വലിയ പുരോഗതിയുണ്ടായെന്ന് പ്രസിഡന്റ് ട്രംപും പ്രതികരിച്ചു.
ഇതു വരെ ചര്‍ച്ചയുടെ പൂര്‍ണ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും, ആഗോള വിപണിയും വ്യാപാര വൃത്തങ്ങളും അതിവേഗം പ്രതികരിക്കാനാണ് സാധ്യത. ഈ ധാരണ വലിയ ആശ്വാസമായി മാറുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.