ഇറാന്റെ ആണവ പദ്ധതിക്ക് പിന്നാലെ പുതിയ ഉപരോധവുമായി യുഎസ്

ന്യൂയോർക്ക്:ഇറാനും യുഎസും തമ്മിലുള്ള ആണവ നിരായുധീകരണ ചർച്ചകളുടെ നാലാം ഘട്ടം ഒമാനിന്റെ മധ്യസ്ഥതയിൽ അവസാനിച്ചിരിക്കെ, ചർച്ചകൾക്കിടെ തന്നെ ഇറാനെതിരെ അമേരിക്ക പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചു.
മൂന്നു ഇറാനിയൻ പൗരന്മാരെയും ടെഹ്‌റാനിൽ പ്രവർത്തിക്കുന്ന “ഓർഗനൈസേഷൻ ഓഫ് ഡിഫൻസീവ് ഇന്നവേഷൻ ആൻഡ് റിസർച്ചുമായി” ബന്ധപ്പെട്ട ഒരു സ്ഥാപനത്തെയും ലക്ഷ്യമിട്ടുള്ളതാണ് പുതിയ ഉപരോധങ്ങൾ. ഇറാൻ ആണവായുധങ്ങൾക്കും അതിന്റെ വിതരണ സംവിധാനങ്ങൾക്കും വേണ്ടി ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്നത് തുടർന്നുകൊണ്ടിരിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി.
“ഇറാൻ ഇപ്പോൾ യുറേനിയം 60 ശതമാനം വരെ സമ്പുഷ്ടീകരിച്ചിരിക്കുകയാണ്. ഇത് 2015ലെ ആണവ കരാറിൽ നിശ്ചയിച്ച 3.67 ശതമാനത്തേക്കാൾ ഏറെ കൂടിയതാണ്. ആണവായുധം നിർമ്മിക്കാൻ ആവശ്യമായ സമ്പുഷ്ടീകരണ നിരക്ക് 90 ശതമാനമാണ്,” എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചർച്ചകൾക്ക് ശേഷം കാര്യമായ പുരോഗതിയൊന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഇരുപക്ഷങ്ങളും നല്ല പ്രതീക്ഷകൾ പ്രകടിപ്പിച്ചിരിക്കുകയാണ്. ഖത്തറിലും യുഎഇയിലും വിദേശകാര്യ സന്ദർശനങ്ങൾ നടത്തുന്നതിനിടെയാണ് യുഎസ് ഈ പുതിയ നടപടികൾ കൈക്കൊണ്ടത്.
ഇറാനുമായുള്ള ആശയവിനിമയത്തിന് പുതിയ വഴികളാണ് ഇപ്പോൾ രൂപപ്പെടുന്നത്. എന്നാല്‍, അതിനൊപ്പമെത്തിയ ഉപരോധങ്ങൾ ആ അന്തരീക്ഷത്തിൽ പുതിയ ആശങ്കകൾക്കും വഴിയൊരുക്കുകയാണ്.