വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയയിൽ ഈസ്റ്റർ ആഘോഷം; ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും തുടക്കം

ഫിലഡൽഫിയ ∙ വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസ് മേയ് 3-ന് വർത്തിങ്ങ്ടൺ റോഡിലുള്ള ഷിബു മാത്യുവിന്റെയും ജെസ്സി മാത്യുവിന്റെയും വസതിയിൽ വിപുലമായ ഈസ്റ്റർ ദിനാഘോഷം സംഘടിപ്പിച്ചു. വൈകിട്ട് നാല് മുതൽ രാത്രി ഒൻപത് വരെ നീണ്ടുനിന്ന ആഘോഷ പരിപാടികൾ പ്രതീക്ഷിച്ചതിലേറെ ആവേശം സൃഷ്ടിച്ചു.
കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിച്ചും യോഗം അംഗങ്ങൾ ഒരുമിച്ച് മൗന പ്രാർഥനയിൽ ഏർപ്പെടിയും പരിപാടികൾക്ക് ആത്മീയമായ തുടക്കം നൽകി. തുടർന്ന് പ്രൊവിൻസ് സെക്രട്ടറി ലൂക്കോസ് മാത്യു സ്വാഗതം ചൊല്ലി, കഴിഞ്ഞ യോഗങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് നൈനാൻ മത്തായി യോഗത്തിന് അധ്യക്ഷത വഹിച്ചു. ചെയർപേഴ്സൺ മറിയാമ്മ ജോർജ് ഈസ്റ്റർ ആശംസകൾ നേരുകയും ആശംസാപ്രസംഗം നടത്തുകയും ചെയ്തു.
ജൂൺ 7-ന് നടക്കാനിരിക്കുന്ന മദേഴ്‌സ് ആൻഡ് ഫാദേഴ്‌സ് ഡേ ആഘോഷത്തിന് ഒരുക്കങ്ങൾ വിലയിരുത്തി അന്തിമരൂപം നൽകി. കൾച്ചറൽ പ്രോഗ്രാമിന്റെ വിശദാംശങ്ങൾ കോഓർഡിനേറ്റർ അജി പണിക്കർ അവതരിപ്പിച്ചു. ആഘോഷങ്ങളുടെ അവതാരകരായി ഷൈലാ രാജനെയും സുനിതാ അനീഷിനെയും ഐക്യഖണ്ഡേന തിരഞ്ഞെടുത്തു.
മദേഴ്‌സ് ആൻഡ് ഫാദേഴ്‌സ് ഡേ ആഘോഷത്തിനിടെ സമൂഹത്തിൽ കഴിവ് തെളിയിച്ച അഞ്ച് പ്രതിഭകളെ അവാർഡുകൾ നൽകി ആദരിക്കാൻ യോഗം തീരുമാനിച്ചു. അടുത്തിടെ ജന്മദിനം ആഘോഷിച്ച അംഗങ്ങളെയും അവരുടെ കുടുംബങ്ങളെയും കേക്ക് മുറിച്ച് അഭിനന്ദിക്കുകയും ആശംസകൾ നേർക്കുകയും ചെയ്തു.
കേരളത്തിലെ നിർധരായ 25 ദമ്പതികളുടെ വിവാഹം നടത്തി കൊടുക്കുന്ന വലിയ ജീവകാരുണ്യ പദ്ധതിയിലേക്ക് ഈ വർഷം പ്രൊവിൻസ് കടന്നെത്തുന്നു. ഗാന്ധി ഭവനുമായി സഹകരിച്ച് ഒക്‌ടോബർ 2-ന് കേരളത്തിൽ വെച്ച് ഈ പദ്ധതി നടപ്പിലാക്കുമെന്ന് യോഗത്തിൽ അറിയിക്കപ്പെട്ടു. ഈ വലിയ പദ്ധതിയിലേക്ക് എല്ലാവരുടെയും സംഭാവന അഭ്യർത്ഥിച്ച് പ്രസിഡന്റ് നൈനാൻ മത്തായി അഭിമുഖ പ്രസംഗം നടത്തി. രണ്ട് ദമ്പതികളുടെ വിവാഹത്തിന് ഗ്രാൻഡ് സ്പോൺസർ ആയി സാന്ത്വനഹസ്തം നീട്ടിയ ലീലാമ്മ വർഗീസിനോട് പ്രത്യേകം നന്ദിയും രേഖപ്പെടുത്തി.
ഈസ്റ്റർ ആഘോഷ പരിപാടികൾ വിജയകരമാകാൻ വസതിയും വിഭവങ്ങളും ഒരുക്കിയ ഷിബു മാത്യുവിനെയും ജെസ്സിമാത്യുവിനെയും കുടുംബത്തെയും യോഗം ഹൃദയപൂർവ്വം നന്ദിപറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അമേരിക്ക റീജനും ഗ്ലോബലും നൽകിയ പിന്തുണയ്ക്ക് പ്രത്യേകം നന്ദിയും രേഖപ്പെടുത്തി. ട്രഷറർ തോമസ്കുട്ടി വർഗീസ് നന്ദിപ്രസംഗം നടത്തി. സമാപന പ്രാർത്ഥനയോടും അത്താഴവിരുന്നോടുമൊപ്പം പരിപാടികൾ സമാപിച്ചു.