നേഴ്‌സുമാരുടെ ആത്മീയ സേവനത്തിന് ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവകയിൽ പുതിയ തുടക്കം

ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ നേഴ്‌സുമാരുടെ ആത്മീയ സേവനത്തിന് തുടക്കമായി. മെയ് 18-ാം തീയതി ഞായറാഴ്ച രാവിലെ പത്തുമണിക്ക് നടന്ന വിശുദ്ധ കുർബാനക്ക് ശേഷം വികാരി ഫാ. സിജു മുടക്കോടിയും അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുരയും നയിച്ച യോഗത്തിൽ ‘നേഴ്‌സസ് മിനിസ്ട്രി’ ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു.
ഫാ. സിജു മുടക്കോടിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ നേഴ്‌സസ് മിനിസ്ട്രിയുടെ ആവശ്യകത, ഉദ്ദേശ്യങ്ങൾ, ക്നാനായ റീജണിലെ പ്രസക്തി തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി സംസാരിക്കുകയായിരുന്നു. നിരവധി വർഷങ്ങൾ ഹോസ്പിറ്റൽ ചാപ്ലയിൻ ആയി സേവനമനുഷ്ഠിച്ച അനുഭവത്തിന്റെ പശ്ചാത്തലത്തിൽ, രോഗികളുടെ ആരോഗ്യപരവും ആത്മീയവുമായ സംരക്ഷണത്തിൽ നഴ്‌സുമാർ നിർവ്വഹിച്ച നിർണായകമായ പങ്കിനെക്കുറിച്ചും അദ്ദേഹം വിവരിച്ചു.
നഴ്‌സസ് മിനിസ്ട്രിയുടെ കോർഡിനേറ്ററായി ലിസി മുല്ലപ്പള്ളിയെ തിരഞ്ഞെടുത്തു. അവരുടെ നേതൃത്വത്തിൽ ഷേർളി തോട്ടുങ്കൽ, ജൂലി കൊരട്ടിയിൽ, മാത്യൂസ് ജോസ്, ജീന കുരുട്ടുപറമ്പിൽ എന്നിവരെ കമ്മറ്റിയിലേക്ക് തെരഞ്ഞെടുത്തു. ആത്മീയമായും ജോലിസംബന്ധമായും വളർച്ചയെ ലക്ഷ്യമിട്ട് പരസ്പരപിന്തുണയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചാണ് ലിസി മുല്ലപ്പള്ളി തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞത്.
മിനിസ്ട്രിയുടെ ആരംഭസമ്മേളനത്തിന്റെ ഒരുക്കങ്ങൾക്ക് ഇടവക വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, ഇടവക സെക്രട്ടറി സിസ്റ്റർ ഷാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം, പി.ആർ.ഒ. അനിൽ മറ്റത്തിക്കുന്നേൽ എന്നിവർ നേതൃത്വം നൽകി.
നേഴ്‌സുമാരെ ആത്മീയ ദൗത്യത്തിലേക്ക് ക്ഷണിക്കുന്ന ഈ പുതിയ തുടക്കം, ഇടവകയിലെ സാമൂഹിക സഹവാസത്തിനും സേവനപരമായ ചാരിത്ര്യങ്ങൾക്കുമായി ഒരു മാതൃകയായി മാറുന്നതാണ്.