കൊട്ടാരക്കര (കൊല്ലം) ∙ ദുബായിലെയും യുഎസിലെയും മലയാളികൾക്കായി ദീർഘകാലം പ്രവർത്തിച്ച പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ ബാട്ടിയ ജോൺ (നെല്ലിക്കുന്നം കീഴൂട്ട് വീട്ടിൽ എം. ജോൺ – 88) യുഎസിൽ അന്തരിച്ചു. മാതൃഭൂമിയെയും പ്രവാസ ഭൂമിയെയും ഒരുപോലെ സ്‌നേഹിച്ച, നിസ്വാർത്ഥ സേവനത്തിന് മറ്റൊരു പേരായിരുന്ന ഒരാളുടെ നിശ്ശബ്ദ യാത്രയാണ് ഈ വാർത്തയുടെ പിന്നിൽ.
ദുബായിൽ ബാട്ടിയ ബ്രോസ് കമ്പനിയിലേക്ക് നേതൃത്വം നൽകി ജനറൽ മാനേജറും ഡയറക്ടറുമായിരുന്ന ജോൺ, ദുബായിലെ ഇന്ത്യൻ അസോസിയേഷന്റെ ആദ്യ മലയാളി പ്രസിഡന്റായിരുന്നു. 1970-ൽ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി യുഎഇ സന്ദർശിച്ചപ്പോഴാണ് അദ്ദേഹം മലയാളികളടക്കമുള്ള പ്രവാസികളുടെ പ്രശ്‌നങ്ങൾ നേരിട്ട് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി പ്രശ്‌നപരിഹാരത്തിന് വഴിതെളിച്ചത്. യാത്രാരേഖകൾ ഇല്ലാതെ ഗൾഫ് രാജ്യങ്ങളിൽ അകപ്പെട്ട് പോയ അനേകരെ തിരിച്ചെത്തിക്കാൻ, ജോലി കണ്ടെത്തിക്കൊടുക്കാൻ തുടങ്ങിയ അദ്ദേഹത്തിന്റെ ഇടപെടലുകൾ അനേകം ജീവിതങ്ങളെ മാറ്റിമറിച്ചു.
മനുഷ്യസ്നേഹത്തിന്റെ പ്രതീകമായി ജീവിച്ച ജോൺ, ദുബായിൽ മാർത്തോമ്മാ പള്ളിയുടെ സ്ഥാപനം മുതലായ ആത്മീയ-സാമൂഹിക പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. നാട്ടിലും യുഎഇയിലുമുള്ള അനേകം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അദ്ദേഹം പങ്കാളിയായി.
മനുഷ്യക്കൊടിമരമായിരുന്നജോണിന്റെ നിഷേധമില്ലാത്ത സേവനം പ്രവാസലോകം ഇന്നും നന്ദിയോടെ ഓർക്കുന്നു.
ഭാര്യ: ഇലന്തൂർ തെക്കേതിൽ ആനി എം. ജോൺ
മക്കൾ: ഡോ. ലിബി ജോൺ, ഡോ. ലിൻറ്റി ജോൺ, ഡോ. ജിം മാത്യു ജോൺ (എല്ലാവരും യുഎസിൽ)
മരുമക്കൾ: ഡോ. സുനിൽ ഗീവർഗീസ്, ഡോ. സഞ്ജു വർഗീസ്, ധാർത്തി ജിം (എല്ലാവരും യുഎസിൽ)
സംസ്കാരം പിന്നീട്.














































