ബ്രോങ്ക്സ് സെൻറ് തോമസ് ഇടവകയിൽ മാർതോമാ ശ്ലീഹായുടെ തിരുനാൾ ഭക്തിയോടെ ആഘോഷിക്കും

ന്യൂയോർക്ക്: ബ്രോങ്ക്സിലെ സെൻറ് തോമസ് സിറോ മലബാർ ഫൊറോന ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥനുമായ മാർതോമാ ശ്ലീഹായുടെ തിരുനാൾ ഈ വർഷം ജൂൺ 25 ബുധനാഴ്ച മുതൽ ജൂലൈ 6 ഞായറാഴ്ച വരെ വിവിധ തിരുക്കർമ്മങ്ങളോടെ ആഘോഷിക്കും. ഭക്ത്യാഢംബരത്തോടെ നടക്കുന്ന തിരുനാൾ ആഘോഷങ്ങളുടെ ചുമതല ഇത്തവണ വിമൻസ് ഫോറം ഏറ്റെടുത്തിട്ടുണ്ട്.
തിരുനാൾ ഉദ്ഘാടനം ജൂൺ 25-ന് വൈകിട്ട് 7 മണിക്ക് വിശുദ്ധ കുർബാനയോടെ തുടങ്ങും. തുടർന്ന് നൊവേനയും നടക്കും. ലോങ്ങ് അയലൻഡ് സെൻറ് മേരീസ് ഇടവക വികാരി ഫാ. ജോൺ തോമസ് തച്ചാറാണ് ആദ്യദിവസം കുർബാനയ്ക്കും നൊവേനയ്ക്കും മുഖ്യ കാർമ്മികത്വം വഹിക്കുന്നത്. അന്നേ ദിവസം ഗ്രാൻഡ് പേരന്റ്സിനായി പ്രത്യേക ആശീർവാദവും ഉണ്ടായിരിക്കും.
ജൂൺ 26-ന് വിവാഹജീവിതത്തിൽ സിൽവർ ജൂബിലി പൂർത്തിയാക്കിയവരെ ആദരിക്കും. ജൂൺ 27-ന് യുവജനങ്ങൾ നേതൃത്വം നൽകുന്ന ഇംഗ്ലീഷ് തിരുക്കർമ്മങ്ങൾ നടക്കും. സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ആശീർവാദം ലഭിക്കും. ജൂൺ 28-ന് അൾത്താര ശുശ്രൂഷകന്മാരെയും ഗായകസംഘത്തെയും ആദരിക്കും.
ജൂൺ 29-ന് തിരുന്നാൾ കൊടിയേറ്റവും പ്രസുദേന്തി വാഴ്ച്ചയും നടക്കും. എല്ലാ ദിവസങ്ങളിലും വൈകിട്ട് 7 മണിക്ക് കുർബാനയും നൊവേനയും ഉണ്ടായിരിക്കും. ദിവസേനാ തിരുക്കർമ്മങ്ങൾക്കു വ്യത്യസ്ത വാർഡുകളാണ് നേതൃത്വം നൽകുന്നത്.
ജൂലൈ 3-ന് ദുക്റാന തിരുന്നാളിന് റാസ കുർബാനയും, പിന്നീട് വിശേഷ ആചാരങ്ങളും ഉണ്ടാകും. “തോമസ്” നാമധാരികളെയും പ്രസുദേന്തിമാരെയും ആ ദിവസം പ്രത്യേകം ആശീർവദിക്കും.
പ്രധാന തിരുനാൾ ദിനമായ ജൂലൈ 4-ന് രാവിലെ 9:30-ന് ആഘോഷ കുർബാനയ്ക്കുശേഷം വാദ്യമേളങ്ങളോടും മുത്തുകുടകളോടും കൂടിയ പ്രദക്ഷിണയും, തുടർന്ന് വിശുദ്ധന്റെ തിരുശേഷിപ്പിന് ഭക്തി സമർപ്പണത്തിനും അവസരമുണ്ട്.
ജൂലൈ 5-ന് ഇടവകാംഗങ്ങളിൽ നിന്ന് നിര്യാതരായവർക്കായി അനുസ്മരണ കർമ്മങ്ങൾ നടക്കും. രാവിലെ കുർബാനയ്ക്കും സെമിത്തേരി സന്ദർശനത്തിനും ശേഷം വൈകിട്ട് 5 മണിക്ക് “പ്രസുദേന്തി നൈറ്റ്” എന്ന പേരിൽ കലാപരിപാടികളും ഗ്രാജുവേറ്റുകൾക്ക് ആദരവുമുണ്ടായിരിക്കും.
ജൂലൈ 6-ന് ഞായറാഴ്ച രാവിലെ 10 മണിക്ക് കുർബാനയോടെ തിരുനാൾ സമാപിക്കും. തുടർന്ന് കൊടിയിറക്കവും നടക്കും.
വിശുദ്ധ മാർതോമാ ശ്ലീഹായുടെ തിരുനാളിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കണമെന്ന് വികാരി ഫാ. കുര്യാക്കോസ് വടാനയും, കൈക്കാരന്മാരായ മാത്യു അടാട്ട്, ഡെന്നി കല്ലുകളം, ഷൈജു കളത്തിൽ എന്നിവരും, വിമൻസ് ഫോറം അംഗങ്ങളും എല്ലാവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു.
ദേവാലയ വിലാസം: St. Thomas Syro Malabar Forane Church, 810 E, 221st Street, Bronx, NY 10467