11-ാമത് അന്താരാഷ്ട്ര മീഡിയ കോൺഫറൻസ് : ഹൂസ്റ്റൺ ചാപ്റ്ററിന്റെ ശക്തമായ പിന്തുണ

ഹൂസ്റ്റൺ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) സംഘടിപ്പിക്കുന്ന 11-ാമത് അന്താരാഷ്ട്ര മീഡിയ കോൺഫറൻസും അവാർഡ് ദാന ചടങ്ങും 2025 ഒക്ടോബർ 9 മുതൽ 11 വരെ വൈവിധ്യമാർന്ന പരിപാടികളോടെ ന്യൂ ജേഴ്സിയിലെ എഡിസൺ ഷെറാട്ടൺ ഹോട്ടലിൽ നടക്കും. ഈ മീഡിയ കോൺഫറൻസ് വന്‍ വിജയമാക്കുന്നത്തിന് IPCNA ഹൂസ്റ്റൺ ചാപ്റ്റർ ശക്തമായ പിന്തുണ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 7 നു വ്യാഴാഴ്ച വൈകുന്നേരം സ്റ്റാഫോർഡിലെ മസാല ഹട്ട് റെസ്റ്റോറന്റിൽ നടന്ന എക്സിക്യൂടിവ് കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം അറിയിച്ചത്.
യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് സൈമൺ വാളാച്ചേരി, ഈ കോൺഫറൻസിൽ ഹൂസ്റ്റൺ ചാപ്റ്ററിന് പ്രത്യേക പരിഗണന ലഭിക്കുമെന്ന് വ്യക്തമാക്കി. “ഹൂസ്റ്റണിലെ മാധ്യമപ്രവർത്തകർ, സുഹൃത്തുക്കൾ, സ്പോൺസർമാർ എന്നിവർക്ക് ന്യൂ ജേഴ്സിയിലെ പരിപാടിയിൽ പങ്കെടുക്കാൻ ഹാർദ്ദവമായ സ്വാഗതം. ഒരുമിച്ച് ഈ കോൺഫറൻസിനെ വൻ വിജയമാക്കാം,” അദ്ദേഹം പറഞ്ഞു.
ചാപ്റ്റർ സെക്രട്ടറി മോട്ടി മാത്യു, പങ്കെടുക്കുന്നവർക്കായി ഒരു യാത്രാ പദ്ധതി അവതരിപ്പിച്ചു. “എല്ലാവരും ഒരേ ഫ്ലൈറ്റിൽ യാത്ര ചെയ്താൽ അത് നമ്മുടെ ഐക്യത്തിന്റെ പ്രതീകമാകും. അതിനാൽ, പങ്കെടുക്കുന്നവർ ഒരുമിച്ച് ഒരേ ഫ്ലൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യണം,” എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വൈസ് പ്രസിഡന്റ് ജീമോൻ റാന്നി, മീഡിയ കോൺഫറൻസിലെ ചർച്ചകളിൽ അംഗങ്ങൾ മുൻകാലങ്ങളിലെ പോലെ സജീവമായി പങ്കാളികളാകണമെന്നും ഓർമ്മിപ്പിച്ചു.
യോഗത്തിൽ പങ്കെടുത്ത മുതിർന്ന മാധ്യമപ്രവർത്തകർ കോൺഫറൻസിന് ആശംസകൾ നേർന്നു. ജോയ് തുമ്പമൺ, ജോർജ് തെക്കേമല, ജോർജ് പോൾ, സജി പുല്ലാട്, ഫിന്നി രാജു ഹൂസ്റ്റൺ, ആൻസി ശാമുവേൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ച് ആശംസകൾ അറിയിച്ചു.
ട്രഷറർ അജു വാരിക്കാട് നന്ദി പ്രകാശിപ്പിച്ചു




