സംസ്ഥാനത്ത് ശക്തമായ മഴ; എട്ട് ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്നലെ രാത്രിയിൽ തുടങ്ങിയ മഴ തുടരുകയാണ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്ന് വ്യാപകമായി മഴ ലഭിക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
അതേസമയം, മഴ കാരണം അവധി പ്രഖ്യാപിക്കുമോ എന്ന ചോദ്യവുമായി കലക്ടർമാരുടെ സോഷ്യൽ മീഡിയ പേജുകൾ നിറയുകയാണ്. പ്രത്യേകിച്ച് പത്തനംതിട്ട കലക്ടറുടെ പേജിൽ അവധി ആവശ്യപ്പെട്ടുള്ള നീണ്ട നിരയാണ് കാണുന്നത്.
അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ (ഓറഞ്ച് അലർട്ട്: അടുത്ത 3 മണിക്കൂർ) ഇടിമിന്നലോട് കൂടിയ നേരിയ മുതൽ ഇടത്തരം മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇടത്തരം മഴക്കും മണിക്കൂറിൽ 30 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യത പ്രവചിച്ചിട്ടുണ്ട്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.




