ന്യൂയോര്‍ക്കില്‍ ആന്റണി ചാക്കോ (95) അന്തരിച്ചു

ന്യൂയോര്‍ക്ക് : ചെങ്ങന്നൂര്‍ വെണ്മണി ഊര്പ്പാതയില് (ഷൈല ഭവന്) കുടുംബാംഗം ശ്രീ. ആന്റണി ചാക്കോ (95) ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റില്‍ ഇന്നു രാവിലെ അന്തരിച്ചു. കഴിഞ്ഞ അഞ്ചര പതിറ്റാണ്ടായി അമേരിക്കയില്‍ സ്ഥിരതാമസമായിരുന്ന അദ്ദേഹം, മലയാളി സമൂഹത്തില്‍ ഏറെ പരിചിതനും ആദരനീയനുമായ വ്യക്തിയായിരുന്നു. പൊതുദര്‍ശനം ഒക്ടോബര്‍ 19-ാം തീയതി ഞായറാഴ്ച വൈകുന്നേരം 5 മുതല്‍ 9 വരെ സ്റ്റാറ്റന്‍ ഐലന്റ് മാര്‍ത്തോമ്മാ ദേവാലയത്തില്‍ നടക്കും. സംസ്കാരശുശ്രൂഷകള്‍ തിങ്കളാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ച് ഫെയര്‍ വ്യൂ സെമിത്തേരിയില്‍ സംസ്കാരവുമായി സമാപിക്കും. ഇടവക വികാരി റവ. എം.സി. വര്‍ഗീസ് ശുശ്രൂഷകള്‍ക്ക് കാര്‍മ്മികത്വം വഹിക്കും.
ചോപ്പാട് ചേമത്തുകണ്ടത്തില് കുടുംബാംഗം ശ്രീമതി അച്ചാമ്മ ചാക്കോ (അമ്മിണി)യാണ് സഹധര്‍മ്മിണി. മക്കള്‍: ശ്രീമതി ശോശാമ്മ ജേക്കബ് (മോളി) – അറ്റ്ലാന്റ, പരേതയായ ഓമന രാജി, ഡോ. ഷൈല റോഷിന് (പ്രസിഡന്റ് – ഇന്‍ഡ്യന്‍ നഴ്സസ് അസോസിയേഷന് ഓഫ് ന്യൂയോര്‍ക്ക്, ചീഫ് നഴ്സിംഗ് ഓഫീസര്‍ – സൗത്ത് ബീച്ച് സൈക്യാട്രിക്ക് സെന്റര്‍, സ്റ്റാറ്റന്‍ ഐലന്റ്). ജാമാതാക്കള്‍: ജേക്കബ് വര്‍ഗീസ് (ബിനോയി) – അറ്റ്ലാന്റ, രാജി വി. തോമസ് – ന്യൂയോര്‍ക്ക്, റോഷിന് മാമ്മന്‍ (അറിയപ്പെടുന്ന കലാകാരന്, ന്യൂയോര്‍ക്ക്). കൊച്ചുമക്കള്‍: ഡോ. മെര്വിന് ജേക്കബ് – ഇമ (അറ്റ്ലാന്റ), മെയ്മോള്‍ അലക്സാണ്ടര്‍ – അരുണ്‍ അലക്സാണ്ടര്‍ (ചിക്കാഗോ), ഡോ. രേഷ്ന രാജി – ആകാശ് തോമസ് (ന്യൂയോര്‍ക്ക്), റോജി രാജി (ന്യൂയോര്‍ക്ക്), ഡോ. രാഹുല്‍ റോഷിന് എം.ഡി., റഹ്ന റോഷിന് (ന്യൂയോര്‍ക്ക്).
1971-ല്‍ ഇന്‍ഡ്യന്‍ എംബസി മുഖാന്തിരം പ്രൊഫഷണല്‍ ഷെഫായി വാഷിംഗ്ടണ്‍ ഡി.സി.യില്‍ എത്തിച്ചേര്‍ന്ന ആന്റണി ചാക്കോ, ഇന്ത്യന്‍, ചൈനീസ്, കോണ്ടിനെന്റല്, അമേരിക്കന്‍, ഇറ്റാലിയന്‍ വിഭവങ്ങളുടെ പാചകത്തില്‍ അതുല്യ പ്രതിഭയായി അറിയപ്പെട്ടിരുന്നു. തുടര്‍ന്ന് സ്റ്റാറ്റന്‍ ഐലന്റില്‍ കുടുംബമായി സ്ഥിരതാമസം ആരംഭിച്ച അദ്ദേഹം, മാര്‍ത്തോമ്മാ ദേവാലയത്തിലെ സജീവാംഗമായും ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുള്ളവനുമായും പ്രസിദ്ധനായിരുന്നു. അടിയുറച്ച ഈശ്വര വിശ്വാസിയും അതിഥിസല്‍ക്കാര പ്രിയനും ആയിരുന്ന അദ്ദേഹം സൗമ്യ സ്വഭാവത്താല്‍ ഏവര്‍ക്കും പ്രിയങ്കരനായിരുന്നു.
വെണ്മണി ഊര്പ്പാതയില് കുടുംബാംഗങ്ങളായിരുന്ന പരേതരായ ജോണ്‍ ചാക്കോ, ശോശാമ്മ ചാക്കോ എന്നിവരാണ് മാതാപിതാക്കള്‍. ജോയി ജോണ്‍, പെണ്ണമ്മ (മദ്രാസ്), പരേതരായ ജോര്‍ജ്, അമ്മിണി എന്നിവര്‍ സഹോദരങ്ങളാണ്. മാതൃ ഇടവക ചെറുവല്ലൂര്‍ സെന്റ് ജോര്‍ജ് ശാലേം മാര്‍ത്തോമ്മാ ചര്‍ച്ചാണ്.
ആന്റണി ചാക്കോയുടെ വേര്‍പാടില്‍ വിവിധ ക്രൈസ്തവ സഭകളിലെയും സംഘടനകളിലെയും നേതാക്കളും സാമൂഹ്യപ്രവര്‍ത്തകരും അനുശോചിച്ചു. സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന് പ്രസിഡന്റ് ജേക്കബ് ജോസഫ്, കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലന്റ് പ്രസിഡന്റ് പ്രിന്‍സ് തോമസ്, സ്റ്റാറ്റന്‍ ഐലന്റ് മലയാളി സീനിയര്‍ ഫോറം പ്രസിഡന്റ് തോമസ് തോമസ് എന്നിവര്‍ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.




