കേരളത്തില്‍ ഇതാദ്യമായി എല്‍ഇഡി ഡ്രോണ്‍.

കൊച്ചി: നൂതന സാങ്കേതികവിദ്യകളുടെ അകമ്പടിയോടെ ശ്രദ്ധേയമാകുന്ന കളമശ്ശേരി എല്‍ഡിഫ് സ്ഥാനാര്‍ത്ഥി പി രാജീവിന്റെ പ്രചാരണോപാധികളില്‍ കേരളത്തില്‍ ഇതാദ്യമായി എത്തിയ എല്‍ഇഡി ഡ്രോണുകളും. സന്ധ്യ മയങ്ങുന്നതോടെ സ്ഥാനാര്‍ത്ഥിയുടെ പര്യടനം സമാപിക്കുന്നടിത്തും വിശേഷാല്‍ പരിപാടികള്‍ നടക്കുന്നിടത്തുമാണ് പുതിയ താരമായ എല്‍ഇഡി ഡ്രോണ്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച ഗ്ലാസ് നഗറിലെ പ്രചാരണ സമാപന പരിപാടിക്കാണ് ഡ്രോണ്‍ ആദ്യമെത്തിയത്. തുടര്‍ന്ന് പുതിയ റോഡ് ജംഗ്ഷനിലെ ഇഎംഎസ് പാര്‍ക്കില്‍ നടന്ന സാംസ്‌കാരിക കേരളം പി രാജീവിനൊപ്പം എന്ന പരിപാടിക്കു സമീപവും രാജീവിന്റെ തെരഞ്ഞടുപ്പു സന്ദേശങ്ങള്‍ തൂങ്ങിയാടുന്ന വെളിച്ചത്തിന്റെ തിരശ്ശീരലയുമായി ഡ്രോണ്‍ ഉയര്‍ന്നു പൊന്തി. പ്രചാരണത്തിലെ ഈ പുതുപുത്തന്‍ താരത്തെക്കണ്ട് കൗതുകം പൂണ്ട ആളുകള്‍ അവരുടെ മൊബൈലുകളില്‍ വിഡിയോ എടുക്കുകയും റീല്‍സ് ഇടുന്നതും കൂടിയായപ്പോള്‍ സംഗതി വൈറലായി. ഇരുട്ടു വീണു കഴിഞ്ഞ് പ്രചാരണം മന്ദഗതിയിലാകുമ്പോള്‍ വീണ്ടും ആവേശം കൂട്ടാന്‍ പുതിയ ഈ പുതിയ സാങ്കേതികവിദ്യ തുണയാവുകയാണ്.
വരും ദിവസങ്ങളില്‍ ഏപ്രില്‍ 6ന് കങ്ങരപ്പടി തുടങ്ങിയ സ്ഥലങ്ങളിലും ഏപ്രില്‍ 7ന് സൗത്ത് കളമശ്ശേരിയില്‍ നടക്കുന്ന കലാശക്കൊട്ടിനും. എല്‍ഇഡി ഡ്രോണ്‍ എത്തുമെന്ന് ഡ്രോണ്‍ എല്‍ഇഡിയുടെ ശില്‍പ്പിയും സ്റ്റാര്‍ട്ടപ്പ് വില്ലേജിലെ ഡ്രോണ്‍ ഇമാജിനേഷന്‍ സ്ഥാപകനുമായ സിറാജുദീന്‍ എന്‍ പറഞ്ഞു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സില്‍ കേരളത്തെ ഒന്നാമതെത്തിച്ച വ്യവസായമന്ത്രിയായ പി രാജീവ് സ്റ്റാര്‍ട്ടപ്പുകള്‍ക്കു നല്‍കിയ പിന്തുണയും പ്രോത്സാഹനങ്ങളും കണക്കിലെടുത്താണ് ഈ പ്രചരണോപാധി തങ്ങള്‍ കളമശ്ശേരി മണ്ഡലത്തില്‍ പരീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.





