തിരുവനന്തപുരം: എണ്‍പതാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍ അവതരിപ്പിച്ച ഓപ്പറേഷന് സിന്ദൂര്‍ നൃത്തശില്‍പ്പം കാണികള്‍ക്ക് വൈകാരികവും പ്രചോദനാത്മകവുമായ അനുഭവമായി. ദേശീയതയുടെ വികാരവും സൈനികരുടെ ത്യാഗവും കലയുടെ ഭാഷയില്‍ സമന്വയിപ്പിച്ചാണ് ഈ നൃത്തശില്‍പ്പം ഒരുക്കിയത്. പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ നടന്ന തീവ്രവാദ ആക്രമണത്തിന്റെയും തുടര്‍ന്നുണ്ടായ സൈനിക നടപടികളുടെയും നേര്‍സാക്ഷ്യമായി നൃത്തശില്‍പ്പം പുനര്‍ജനിച്ചപ്പോള്‍ കരഘോഷത്തോടെയാണ് സദസ് ഏറ്റെടുത്തത്.
പാങ്ങോട് മിലിട്ടറി ക്യാമ്പിലെ സുബേദാര്‍ സുനില്‍കുമാര്‍. കെ പതാക ഉയര്‍ത്തിയതോടെയാണ് സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ശാരീരികവും മാനസികവുമായ പരിമിതികളെ അതിജീവിച്ചുകൊണ്ടുള്ള അശ്രാന്ത പരിശ്രമത്തിന്റെ ഫലമായിരുന്നു അവതരണമെന്നും ഒരു സൈനികനെന്ന നിലയില്‍ ഈ കലാസൃഷ്ടി വികാരപരമായിരുന്നുവെന്നും സുനില്‍കുമാര്‍ പറഞ്ഞു. ഡിഫറന്റ് ആര്‍ട് സെന്ററിന്റെ മുന്നിലെ ഇന്ത്യാഫോര്ട്ടിന് മുന്നില്‍ നടന്ന ചടങ്ങില്‍ കുട്ടികളുടെ മാര്‍ച്ച് പാസ്റ്റും ദേശഭക്തിഗാനാലാപനവും ആഘോഷത്തിന് മാറ്റുകൂട്ടി.
ചടങ്ങില്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ ഡയറക്ടര്‍ തോമസ് പാലച്ചുവട്ടില്‍, മാജിക് പ്ലാനറ്റ് മാനേജര്‍ സുനില്‍രാജ് സി.കെ, എച്ച്.ആര് മാനേജര്‍ കവിത തുടങ്ങിയവര്‍ പങ്കെടുത്തു. മാജിക് പ്ലാനറ്റിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിന സന്ദേശം ഉള്‍ക്കൊള്ളുന്ന വിവിധ കലാപരിപാടികളും അരങ്ങേറി.
Thanking you
Sujeev.S
PRO
9447768535









































