
ന്യൂഡൽഹി: ബിജെപി സർക്കാരിന്റെ പത്ത് വർഷത്തെ ഭരണത്തിൽ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് പുറത്തെടുക്കാനായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിൽ നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ജനാധിപത്യത്തിൽ അഭിനന്ദനവും വിമർശനവും സ്വാഭാവികമാണെന്നും പതിനാലാം തവണ നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പറയാനായതിൽ അഭിമാനമുണ്ടെന്നും മോദി വ്യക്തമാക്കി.
രാജ്യത്ത് 4 കോടി വീടുകൾ നിർമിച്ചെന്നും 12 കോടിയിലധികം ശുചിമുറികൾ പണിതെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. നേരത്തെ ഒരു രൂപ ഡൽഹിയിൽ നിന്ന് കൊടുക്കുമ്പോൾ 15 പൈസ മാത്രമേ താഴേക്ക് എത്തുന്നുണ്ടായിരുന്നുവെന്നും അതിൽ പരിഹാരമുണ്ടാക്കാൻ ബിജെപി സർക്കാർ ശ്രമിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഴിമതിയെ തടഞ്ഞ് രാജ്യനിർമാണത്തിനായി പണം ഉപയോഗിച്ചതാണെന്നും, സമ്പാദ്യത്തിനൊപ്പം വികസനവും പ്രധാന്യമാണെന്നതാണ് സർക്കാർ രീതി എന്നും പ്രധാനമന്ത്രി പ്രസ്താവിച്ചു.