
എഡിൻബറോ: സ്കോട്ലൻഡിലെ ലിവിങ്സ്റ്റണിൽ മലയാളി യുവാവ് ടേബിള്‍ ടെന്നീസ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. തൃശൂർ ചേലക്കര സ്വദേശിയായ മനീഷ് നമ്പൂതിരി (36) ആണ് മരിച്ചത്. നാറ്റ് വെസ്റ്റ് ബാങ്കിലെ ടെക്നോളജി ഓഫിസറായി ജോലി ചെയ്തുവരികയായിരുന്നു.
ഇന്നലെ വൈകിട്ട് ടെന്നീസ് കളിക്കുമ്പോൾ കുഴഞ്ഞുവീണ മനീഷിനെ ഉടൻ തന്നെ പാരാമെഡിക് സംഘം പരിശോധിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ലിവിങ്സ്റ്റൺ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
ഏകദേശം ഒരു മാസം മുമ്പ് ഭാര്യ ദിവ്യയോടൊപ്പം ലിവിങ്സ്റ്റണിൽ പുതിയ വീട് വാങ്ങി താമസം ആരംഭിച്ചിരുന്നു.
തൃശൂർ ആറ്റൂർ മുണ്ടയൂർ മനയിൽ എം.ആർ. മുരളീധരന്റെയും നളിനിയുടെയും മകനായ മനീഷിന് അഭിലാഷ് (ഹൈദരാബാദ്) എന്ന സഹോദരനുണ്ട്.