ക്ഷമ സാവന്തിന് അടിയന്തര വിസ നിഷേധം; ഇന്ത്യന്‍ കോണ്‍സുലേറ്റ് നടപടിയില്‍ പ്രതിഷേധം

സിയാറ്റില്‍, യുഎസ്: ഇന്ത്യന്‍-അമേരിക്കന്‍ രാഷ്ട്രീയക്കാരി ക്ഷമ സാവന്തിന് അടിയന്തര വിസ നിഷേധിച്ചതിനെതിരെ സിയാറ്റിലിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് പ്രതിഷേധം നേരിടേണ്ടി വന്നു. സാവന്ത് ആരോപിച്ചതനുസരിച്ച്, താന്‍ ‘മോദി സര്‍ക്കാരിന്റെ റിജക്ട് ലിസ്റ്റില്‍’ ഉള്ളതിനാലാണ് വിസ നിരസിച്ചതെന്ന് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി അവര്‍ വ്യക്തമാക്കി.
ബംഗളൂരുവിലെ രോഗിയായ അമ്മയെ സന്ദര്‍ശിക്കാനായിരുന്നു വിസ അപേക്ഷ. നേരത്തെ മൂന്ന് തവണ വിസ നിരസിക്കപ്പെട്ടിട്ടുണ്ടെന്നും, അതേസമയം ഭര്‍ത്താവ് കാല്വിന് പ്രീസ്റ്റിന് അടിയന്തര വിസ അനുവദിച്ചതായും അവര്‍ ആരോപിച്ചു.
വിസ നിഷേധത്തിനുശേഷം, വ്യാഴാഴ്ച സാവന്ത് തന്റെ സംഘടനയായ ‘വര്‍ക്കേഴ്സ് സ്ട്രൈക്ക് ബാക്ക്’ അംഗങ്ങളുമായി കോണ്‍സുലേറ്റ് ഓഫീസില്‍ സമാധാനപരമായ പ്രതിഷേധം നടത്തിയതായി അവര്‍ പറഞ്ഞു. എന്നാല്‍, പ്രതിഷേധം നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് പൊലീസ് ഇടപെടേണ്ടിവന്നതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് വിശദീകരിച്ചു.
“ചില വ്യക്തികള്‍ ഓഫീസ് സമയം കഴിഞ്ഞ് അനുമതിയില്ലാതെ കോണ്‍സുലേറ്റ് പരിസരത്ത് പ്രവേശിക്കുകയും, നിരവധി അഭ്യര്‍ത്ഥനകള്‍ അവഗണിച്ച് ജീവനക്കാരോട് ഭീഷണിപ്പെടുത്തുന്ന രീതിയില്‍ പെരുമാറുകയും ചെയ്തു” എന്നായിരുന്നു കോണ്‍സുലേറ്റ് ജനറലിന്റെ ഔദ്യോഗിക വിശദീകരണം.
സിയാറ്റില്‍ സിറ്റി കൗണ്‍സില്‍ അംഗമായിരുന്ന ക്ഷമ സാവന്ത്, പൗരത്വനിയമ ഭേദഗതി (CAA) അടക്കമുള്ള വിഷയങ്ങളില്‍ മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്ന പ്രമുഖ രാഷ്ട്രീയ നേതാവാണ്.