കൊവിഡ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചൊരു മേഖലയാണ് സിനിമ. മാസങ്ങളായി ഷൂട്ടിംഗുകളും മറ്റും നിർത്തിവച്ചതോടെ നിരവധിപേരാണ് ഉപജീവനത്തിന് മാർഗമില്ലാതെ ബുദ്ധിമുട്ടുന്നത്. എന്നിരുന്നാലും പ്രതിസന്ധികളിൽ തളരാതെ പ്രമേയത്തിലെയും അവതരണത്തിലെയും വ്യത്യസ്തത കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചില ചിത്രങ്ങളും ഇക്കാലയളവിലുണ്ടായി. അക്കൂട്ടത്തിലേയ്ക്ക് തങ്ങളുടെ പേരും എഴുതി ചേര്‍ക്കാന്‍ ഒരുങ്ങുകയാണ്ഒരു കൂട്ടം യുവാക്കൾ.ഹ്രസ്വചിത്രങ്ങളിലൂടെയും വെബ്‌സീരീസുകളിലൂടെയും ശ്രദ്ധേയനായ മഹേഷ് പാറയില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഒറ്റക്കൊമ്പന്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.

ഷിമോഗ ക്രിയേഷന്‍സിന്റെയും ഡ്രീം സിനിമാസിന്റെയും ബാനറില്‍ ഷബീര്‍ പത്തന്‍, നിധിന്‍ സെയ്‌നു മുണ്ടക്കല്‍, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘എനിക്കുള്ളത് നെറ്റിപ്പട്ടത്തിന്റെ ചാരുതയല്ല, പൂരങ്ങളുടെ അഭിമാനമല്ല,ഗര്‍വ്വല്ല, എന്റെ താളം കാടിന്റെയാണ്..സര്‍വ്വവും മെതിക്കുന്ന രൗദ്രതയാണ്’ എന്ന ടാഗ്‌ലൈനോടെയാണ് ഒറ്റക്കൊമ്പന്‍ പ്രേക്ഷകന് മുന്നിലെത്തുന്നത്. കാടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.ഒരു കൊമേഴ്‌സ്യല്‍ ചിത്രത്തിന് വേണ്ട എല്ലാ ചേരുവകളും ഒറ്റക്കൊമ്പനിലുണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഇടുക്കി, വയനാട്, തൊടുപുഴ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഒറ്റക്കൊമ്പന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്
നിജയ് ഘോഷാണ്. അര്‍ജുന്‍ രവിയുടേതാണ് ക്യാമറ, ബിജിഎം രതീഷ് റോയി, എഡിറ്റര്‍ പി.വി.ഷൈജല്‍, പബ്ലിസിറ്റി ഡിസൈന്‍ അതിന്‍ ഒല്ലൂര്‍, പ്രൊജക്ട് ഡിസൈന്‍ ബാദുഷ. മലയാളത്തിലെ മുന്‍നിര താരങ്ങള്‍ അണിനിരക്കുന്ന ചിത്രം അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here