
മലപ്പുറം ∙ രൂപമാറ്റം വരുത്തിയ ബൈക്കുകളിൽ പറന്നുനടന്ന യുവാക്കൾ പൊലീസ് പിടിയിലായി. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ എട്ടു ബൈക്കുകളാണ് മലപ്പുറം നഗരത്തിൽനിന്നു പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം നടത്തിയ വാഹന പരിശോധനയിൽ, വിവിധ നിയമലംഘനങ്ങളുടെ പേരിൽ 106 വാഹനങ്ങൾ പിടികൂടി. ഇവയിൽ ഭൂരിഭാഗവും വിദ്യാർഥികളും യുവാക്കളും ഓടിച്ച ബൈക്കുകളാണ്. സ്കൂൾ വിദ്യാർഥികളും യുവാക്കളും ലൈസൻസില്ലാതെയും നിയമങ്ങൾ ലംഘിച്ചും ഇരുചക്ര വാഹനങ്ങൾ ഓടിച്ച് അപകടത്തിൽപ്പെടുന്നതു തടയുക എന്ന ലക്ഷ്യത്തോടെ പൊലീസ് പരിശോധന ശക്തമാക്കി. രൂപമാറ്റം വരുത്തിയതിനു പിടിയിലായ എട്ടു ബൈക്കുകൾക്കും വശങ്ങളിലെ കണ്ണാടികളുണ്ടായിരുന്നില്ല; നാലെണ്ണത്തിനു ഹെഡ് ലൈറ്റും. ഹെഡ് ലൈറ്റിന്റെ സ്ഥാനത്ത് ചെറിയ ലൈറ്റുകളാണ് ഇതിൽ ഘടിപ്പിച്ചിരുന്നത്.
ഹാൻഡിലിലും ഷോക്ക് അബ്സോർബറിലും മാറ്റങ്ങൾ വരുത്തിയവ, കാതടപ്പിക്കുന്ന ശബ്ദത്തിനായി സൈലൻസർ മാറ്റി ഘടിപ്പിച്ചവ, ബോഡി തന്നെ അഴിച്ചുമാറ്റി എൻജിൻ മാത്രമായി ഓടിച്ച സ്കൂട്ടർ തുടങ്ങിയവയും കൂട്ടത്തിലുണ്ടായിരുന്നു. രൂപമാറ്റം വരുത്തി ഓടിച്ച ബൈക്കുകളിൽ പലതിനും റജിസ്ട്രേഷൻ നമ്പറോ രേഖകളോ ഇല്ല. പിടിച്ചെടുത്ത ഒരു ബൈക്കിന്റെ മുൻവശത്തെയും പിന്നിലെയും നമ്പറുകൾ വ്യത്യസ്തവുമാണ്. ഇത്തരം ബൈക്കുകളുടെ എൻജിൻ–ഷാസി നമ്പറുകൾ പരിശോധിച്ചു കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. ലൈസൻസില്ലാതെ ബൈക്ക് ഓടിച്ചതിനു പിടിയിലായ വിദ്യാർഥികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി പിഴയടപ്പിച്ച ശേഷമാണ് വിട്ടത്. സ്കൂൾ പരിസരങ്ങളും മറ്റും കേന്ദ്രീകരിച്ചു ശക്തമായ പരിശോധന നടത്തുമെന്നു പൊലീസ് പറഞ്ഞു.